Spotlight

“എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ വാപ്പ നോക്കിക്കോളും”; മിനി കൂപ്പർ ഇടിച്ചുതെറിപ്പിച്ച് 3 ജീവനുകളെടുത്ത 18കാരൻ

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഏവിയേഷൻ പഠനത്തോടൊപ്പം തൃക്കാക്കരയിലെ ആന്റിക്ക് സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന 21 വയസുകാരായ ദേവിക, ഗോപിക, ഇജാസ് എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം ചായ കുടിച്ച ശേഷം മടങ്ങുന്ന വഴിയായിരുന്നു ദുരന്തം. പിന്നാലെ മറ്റ് രണ്ട് ബൈക്കുകളിലായി എത്തിയ സുഹൃത്തുക്കളുടെ കൺമുന്നിൽ വച്ചാണ് മൂവരും മരിച്ചുവീണത്. അങ്കമാലി താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹങ്ങൾ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായത്. കാറോടിച്ച 18കാരൻ സുഹൈൽ സജീവിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം നരഹത്യയ്ക്ക് കേസെടുത്തു. സുഹൈൽ അമിതമായി മദ്യപിച്ചിരുന്നതായും മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു. അപകടത്തിന് മുൻപ് ഉച്ച മുതൽ ഇയാൾ മൂന്ന് ബാറുകളിലും ഫൈവ് സ്റ്റാർ ഹോട്ടലുകളിലും കയറി മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. വിമാനത്താവളത്തിലിറങ്ങിയ സുഹൃത്തിനെ കൂട്ടാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തിന് ശേഷം വാഹനത്തിൽ നിന്നിറങ്ങിയ സുഹൈൽ നാട്ടുകാരോട് തട്ടിക്കയറുകയും, “എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ അപ്പ നോക്കിക്കോളും” എന്ന് അഹങ്കാരത്തോടെ സംസാരിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറയുന്നു. മണിക്കൂറിൽ 220 കിലോമീറ്റർ വേഗത്തിൽ കാറോടിക്കുന്ന ദൃശ്യങ്ങൾ ഇയാൾ മുൻപും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ആലപ്പുഴ സ്വദേശികളും ‘ഇഹ ഡിസൈൻസ്’ ഉടമകളുമായ സജീവ് ജമാൽ-നൂഹ ദമ്പതികളുടെ മകനാണ് സുഹൈൽ. നിലവിൽ കാക്കനാട് താമസിക്കുന്ന ഇയാൾ രാജഗിരി കോളേജിലെ ബി.കോം വിദ്യാർത്ഥിയാണ്.

ചോദ്യം ചെയ്യലിലും അഹങ്കാരത്തോടെ പെരുമാറുന്ന പ്രതിയെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ മോട്ടോർ വാഹന വകുപ്പും കർശന നടപടികൾ സ്വീകരിക്കും.