Sports

‘പിന്നെ എ​ന്തി​നാ ബൗ​ള​ർ​മാ​ർ, ബൗ​ളി​ങ് മെ​ഷീ​ൻ വച്ചാല്‍ പോ​രെ..?’; ഗംഭീറിനെ പിന്തുണച്ച് ക്ഷുഭിതനായി ചാഹൽ!

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യ ഉയർത്തിയ 250 റൺസിന്റെ കൂറ്റൻ ലക്ഷ്യം മറികടന്ന് വെസ്റ്റ് ഇൻഡീസ് ആറ് വിക്കറ്റിന് വിജയിച്ചതിന് പിന്നാലെ, ബൗളർമാർക്കും തുല്യ അവസരം നൽകുന്ന പിച്ചുകൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ രംഗത്തെത്തി. മഞ്ഞു വീഴ്ച കാരണം പന്ത് ഗ്രിപ്പ് ചെയ്യാൻ പ്രയാസപ്പെടുന്നതും ചെറിയ ബൗണ്ടറികളും ബൗളർമാർക്ക് ഒട്ടും പിന്തുണ നൽകാത്ത പിച്ചുകളും ബാറ്റർമാരെ തടയുന്നത് അത്യധികം പ്രയാസകരമാക്കുകയാണെന്ന് ചഹൽ ചൂണ്ടിക്കാട്ടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് നേടിയെങ്കിലും 9 പന്തുകൾ ബാക്കിനിൽക്കെ വെസ്റ്റ് ഇൻഡീസ് ലക്ഷ്യം മറികടന്നു. 45 പന്തിൽ പുറത്താകാതെ 102 റൺസ് നേടിയ ക്യാപ്റ്റൻ ഷായ് ഹോപ്പും 37 പന്തിൽ 84 റൺസ് നേടിയ ഷെർഫെയ്ൻ റൂഥർഫോർഡും ചേർന്നുള്ള 120 റൺസിന്റെ കൂട്ടുകെട്ടാണ് വിൻഡീസിന് ജയമൊരുക്കിയത്. ഗ്രൗണ്ടുകൾ ചെറുതാകുകയും പിച്ചുകളിൽ ബൗളർമാർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ വരികയും ചെയ്യുമ്പോൾ ബൗളിംഗ് കഴിവുകൾ കൊണ്ട് എന്താണ് കാര്യമെന്നും, ഐപിഎല്ലിലും 260 റൺസ് ഒക്കെ എളുപ്പത്തിൽ ചേസ് ചെയ്യുന്നത് നമ്മൾ കണ്ടതാണെന്നും മത്സരശേഷം ചഹൽ ചോദിച്ചു.

ഫ്ലാറ്റ് പിച്ചുകളും ചെറിയ ഗ്രൗണ്ടുകളും ഐപിഎല്ലിലെ ‘ഇംപാക്ട് പ്ലെയർ’ നിയമവുമാണ് ബൗളർമാർക്ക് മേൽ ഇത്രയധികം സമ്മർദ്ദം ഉണ്ടാക്കുന്നതെന്ന് ചഹൽ വിമർശിച്ചു. മുൻപ് ഇംപാക്ട് പ്ലെയർ വിധി ഇല്ലാതിരുന്നപ്പോൾ പവർപ്ലേയിൽ 50 റൺസും മത്സരത്തിൽ 170-180 റൺസും ഒരു പോരാട്ടവീര്യമുള്ള സ്കോർ ആയിരുന്നു. എന്നാൽ ഇപ്പോൾ ആദ്യ 6 ഓവറിൽ തന്നെ 70-80 റൺസ് അടിച്ചു കൂട്ടുന്നതോടെ കളി അവിടെ വച്ച് തന്നെ തീരുകയാണെന്ന് ചഹൽ പറഞ്ഞു. ബൗളർമാർക്ക് അനുകൂലമായി പിച്ചുകളിൽ എന്തെങ്കിലും മാറ്റം വരുത്തണം, അല്ലെങ്കില്‍ പിന്നെ ബൗളർമാർക്ക് പകരം ബോളിംഗ് മെഷീൻ വെച്ച് കളിപ്പിക്കുകയാണ് വേണ്ടതെന്നും ചഹൽ കൂട്ടിച്ചേർത്തു.

ബൗളര്‍മാര്‍ക്ക് ഒട്ടും അനുകൂലമല്ലാത്ത ബാറ്റിംഗ് പിച്ചുകളൊരുക്കുന്നതിനെതിരേ ഇന്ത്യ- വിന്‍ഡീസ് ഏകദിന മത്സരത്തിനുശേഷം ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീറും പ്രതികരിച്ചിരുന്നു. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് അടിച്ചുകൂട്ടിയ 405 എന്ന വമ്പന്‍ സ്കോര്‍ മറികടന്നായിരുന്നു ഇന്ത്യയുടെ വിജയം. ഈ മത്സരശേഷമാണ് ബാറ്റിംഗിനെ സഹായിക്കുന്ന പിച്ചുകളെക്കുറിച്ച് ഗംഭീര്‍ വിമര്‍ശനം ഉന്നയിച്ചത്.