Crime

മഞ്ചേരിയിൽ രാജേഷ്, വയലാറിൽ സുരേഷ്,; ഡോക്ടറും എൻജിനിയറുമാകും;നൂറോളം സ്ത്രീകളെ വലയിലാക്കിയ വിവാഹത്തട്ടിപ്പ് വീരന്‍ അറസ്റ്റിൽ

വിവാഹം കഴിച്ചും അല്ലാതെയും സ്ത്രീകളെ കബളിപ്പിച്ച് പണവും സ്വർണവും കവർന്ന കേസിൽ വയനാട് മാനന്തവാടി ആന്തിക്കാംപൊയ്യിൽ സ്വദേശിയായ ബിജു ആന്റണി (45) ചേർത്തല പോലീസിന്റെ പിടിയിലായി. സുൽത്താൻബത്തേരിയിൽ ഭാര്യയും മക്കളുമുള്ള ഇയാൾ നൂറോളം സ്ത്രീകളെ തട്ടിപ്പിനിരയാക്കിയതായി പോലീസിന്റെ ചോദ്യംചെയ്യലിൽ വ്യക്തമായിട്ടുണ്ട്. ഇതേത്തുടർന്ന് സംഭവത്തിൽ പ്രത്യേക അന്വേഷണം ആരംഭിക്കാൻ പോലീസ് നടപടികൾ തുടങ്ങിയിട്ടുണ്ട്.

2020-ൽ ചേർത്തല വയലാർ സ്വദേശിനിയായ രമ്യയെ വിവാഹം കഴിച്ച ബിജു, മൂന്നു ദിവസത്തിനു ശേഷം 30,000 രൂപയും ഏഴു പവൻ സ്വർണവും കവർന്ന് കടന്നുകളയുകയായിരുന്നു. രമ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ദീർഘനാളത്തെ അന്വേഷണത്തിനൊടുവിലാണ് ആറു വർഷങ്ങൾക്കു ശേഷം പ്രതി പിടിയിലാകുന്നത്. വിവാഹപ്പരസ്യം നൽകി പരിചയപ്പെട്ട തളിപ്പറമ്പ് സ്വദേശിനിയെ കർണാടകയിലെ ഹൊസങ്കടിയിലെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും മൂന്നരപ്പവൻ സ്വർണം കവരുകയും ചെയ്ത കേസ് മഞ്ചേശ്വരം സ്റ്റേഷനിലുമുണ്ട്. മാനഹാനി ഭയന്ന് പല ഇരകളും പരാതി നൽകാൻ തയ്യാറാകാത്തതാണ് ഇയാൾക്ക് തട്ടിപ്പ് തുടരാൻ വഴിയൊരുക്കിയത്.

ഡോക്ടറാണെന്ന് വ്യാജ വിവാഹപ്പരസ്യം നൽകി സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച ശേഷം ആശുപത്രിയോ ഹോട്ടലോ തുടങ്ങാനെന്ന പേരിൽ തട്ടിപ്പ് നടത്തുന്നതാണ് ഇയാളുടെ രീതി. കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ സ്വർണം മോഷ്ടിച്ച കേസിൽ മുൻപ് ശിക്ഷ അനുഭവിച്ചിട്ടുള്ള ബിജു, ഡോക്ടർ, എൻജിനിയർ, പാചകക്കാരൻ എന്നിങ്ങനെ വിവിധ വേഷങ്ങളിലാണ് ആളുകളെ സമീപിച്ചിരുന്നത്. രാജേഷ്, സുരേഷ്, ആന്റണി തുടങ്ങിയ വ്യാജ പേരുകൾ ഉപയോഗിച്ചിരുന്ന ഇയാൾ, മഞ്ചേരിയിൽ രാജേഷ് എന്ന പേരിൽ തട്ടിപ്പു നടത്തിയ ശേഷം നാലു വർഷം കഴിഞ്ഞ് വയലാറിലെത്തിയത് സുരേഷ് എന്ന പേരിലാണെന്ന് പോലീസ് വ്യക്തമാക്കി.