ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അതിവേഗം വളരുന്ന സാഹചര്യത്തിൽ ഭാവിയിൽ അത് തൊഴിൽ മേഖലയെ എങ്ങനെ ബാധിക്കുമെന്ന് കൃത്യമായി പ്രവചിക്കുക പ്രയാസമാണെന്ന് സെയിൽസ്ഫോഴ്സ്, മെറ്റാ എന്നിവയിലെ മുൻ AI വിഭാഗം മേധാവി ക്ലാര ഷി പറഞ്ഞു. AI തൊഴിലുകളെ എങ്ങനെ ബാധിക്കുമെന്ന വാർത്താ ഏജൻസിയുടെ ചോദ്യത്തിന് മറുപടിയായി, ഭാവിയിൽ പ്രധാനമായും മൂന്ന് തരത്തിലുള്ള ജോലിക്കാരായിരിക്കും ഉണ്ടാകുകയെന്ന് അവർ വ്യക്തമാക്കി: AI നിർമ്മിക്കുന്നവർ, AI ഉപയോഗിക്കുന്നവർ, AI നിയന്ത്രിക്കുന്നവർ എന്നിവരാണവർ. ഇതിൽ മൂന്നാമത്തെ വിഭാഗം നിലവിൽ തന്നെയുണ്ടെന്നും ഉബർ ഡ്രൈവർമാർ, ഡോർഡാഷ് ഡെലിവറി ജീവനക്കാർ, കസ്റ്റമർ സപ്പോർട്ട്, സെയിൽസ് പ്രതിനിധികൾ തുടങ്ങിയവർ ഇതിന് ഉദാഹരണമാണെന്നും അവർ ചൂണ്ടിക്കാട്ടി.
മിക്ക ആളുകളും തങ്ങൾ AI ഉപയോഗിക്കുന്ന രണ്ടാമത്തെ വിഭാഗത്തിൽപ്പെടുമെന്നാണ് കരുതുന്നതെങ്കിലും ആ വിഭാഗം പ്രതീക്ഷിക്കുന്നതിലും ചെറുതാണെന്നും ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഷി പറഞ്ഞു. എഐയുടെ കടന്നുവരവ് യുവാക്കളെയാണ് കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്. പുതിയ ബിരുദധാരികളെ ജോലിക്ക് എടുക്കുന്നത് പ്രമുഖ കമ്പനികൾ കുറച്ചിട്ടുണ്ട്. ബിരുദം നേടിയ രണ്ടിലൊരാൾ ഒന്നുകിൽ തൊഴിലില്ലാത്തവരോ അല്ലെങ്കിൽ അവരുടെ യോഗ്യതയ്ക്ക് അനുയോജ്യമല്ലാത്ത ജോലികൾ ചെയ്യുന്നവരോ ആണെന്നാണ് കണക്കുകൾ കാണിക്കുന്നത്.
തുടക്കക്കാരായ ബിരുദധാരികളേക്കാൾ കാര്യക്ഷമമായി തൽക്ഷണം ജോലി ചെയ്യാൻ AI-ക്ക് സാധിക്കുന്നുണ്ടെന്ന് കമ്പനികൾ കണ്ടെത്തിയതാണ് ഇതിന് കാരണം. കൃത്യമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ഉൽപ്പാദന മേഖലയിൽ സംഭവിച്ചത് പോലെ എല്ലാ പ്രധാന നഗരങ്ങളിലെയും തൊഴിൽ മേഖല തകരുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ഈ മാറ്റങ്ങൾ ചിന്തിക്കുന്നതിലും വേഗത്തിലാണ് സംഭവിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന ഈ തൊഴിൽ സാഹചര്യങ്ങളിൽ യുവാക്കളെ സഹായിക്കുന്നതിനായി ‘ന്യൂ വർക്ക് ഫൗണ്ടേഷൻ’ എന്ന ലാഭരഹിത സംഘടനയ്ക്കും ക്ലാര ഷി തുടക്കമിട്ടിട്ടുണ്ട്.




