Crime

കാവല്‍ നിന്നത് സഞ്ജു, യുവതിയോട് ക്രൂരമായ ലൈംഗികാതിക്രമം നടത്തിയത് ശരണ്യ; ; ലക്ഷ്യം അനാശാസ്യത്തിന് പാകപ്പെടുത്തല്‍

കളമശേരി കൂട്ടബലാത്സംഗക്കേസിൽ പ്രധാന പ്രതിയായ ശരണ്യ തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന് ഇരയായ യുവതി പൊലീസിന് മൊഴി നൽകി. ശരണ്യ ലൈംഗികാതിക്രമം നടത്തുമ്പോൾ സുഹൃത്ത് സഞ്ജുവാണ് കാവൽ നിന്നതെന്നും, അറസ്റ്റിലായ നാലു പ്രതികളിൽ ശരണ്യയാണ് ഏറ്റവും ക്രൂരമായി ഉപദ്രവിച്ചതെന്നും യുവതി ആവർത്തിച്ചു. ആറു മാസം മുൻപ് സ്പായിൽ ജോലിക്കെത്തിയ ശരണ്യ ഉൾപ്പെടെയുള്ള നാല് പ്രതികളെയും യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്.

പെൺകുട്ടികളെ അനാശാസ്യ പ്രവർത്തനങ്ങൾക്കായി പാകപ്പെടുത്തലാണ് ഈ സംഘത്തിന്റെ സ്ഥിരം രീതിയെന്ന് പൊലീസ് വ്യക്തമാക്കി. ജോലി വാഗ്ദാനം ചെയ്ത് പരസ്യം നൽകി വിദ്യാസമ്പന്നരെ അടക്കം വിളിച്ചുവരുത്തി പ്രതികൾക്ക് ആവശ്യമുള്ള രീതിയിലേക്ക് മാറ്റി ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയാണ് ലക്ഷ്യം. കേസിൽ അറസ്റ്റിലായ ശ്രീരാജ്, ജിത്ത് മാർട്ടിൻ, ശരണ്യ എന്നിവർ കൃത്യമായ ആസൂത്രണത്തോടെയാണ് ബലാത്സംഗം നടത്തിയത്. ആലപ്പുഴ സ്വദേശിയായ ശ്രീരാജ് നാലു വർഷം മുൻപാണ് സ്പാ ആരംഭിക്കുന്നത്. ഇതിനോടകം മൂന്ന് സ്പാകളിൽ പൊലീസ് റെയ്ഡ് നടത്തിക്കഴിഞ്ഞു. എറണാകുളം തൃക്കാക്കര സ്വദേശിയാണ് ജിത്ത് മാർട്ടിൻ. ശരണ്യയെയും സഞ്ജുവിനെയും വയനാട്ടിൽ നിന്നാണ് പിടികൂടിയത്. നിയമവിരുദ്ധമായി ഒരു സ്പായും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് എ.സി.പി ബിജോയ് ചന്ദ്രൻ വ്യക്തമാക്കി.

അഭിമുഖത്തിനെത്തിയ യുവതിക്ക് ജോലി നൽകിയ ശേഷം ഒപ്പം ഭർത്താവില്ലെന്ന് ഉറപ്പുവരുത്തിയാണ് പ്രതികൾ രാത്രിയിൽ വീണ്ടും വിളിച്ചുവരുത്തിയത്. സ്പായിലെ മറ്റു ജീവനക്കാരെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് വിളിച്ചത്. തുടർന്ന് ഭക്ഷണത്തിലും ഐസ്‌ക്രീമിലും മദ്യവും രാസലഹരിയും കലർത്തി നൽകി പീഡിപ്പിക്കുകയായിരുന്നു. ഒക്ടോബർ 2-ന് ലോഡ്ജിലെത്തിച്ച യുവതിക്ക് അടുത്ത ദിവസമാണ് അവിടെനിന്ന് രക്ഷപ്പെടാനായത്. മണിക്കൂറുകളോളം നാലു പ്രതികളും പീഡിപ്പിച്ചതിന് പിന്നാലെ കൂടുതൽ ആളുകൾ എത്തിയപ്പോൾ, ബീയർ കുപ്പി പൊട്ടിച്ച് സ്വയം മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പ്രതികൾ യുവതിയെ വിട്ടയച്ചത്. പ്രതികൾക്ക് ഗുണ്ടാ-ലഹരി സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.