Oddly News

യൂറോപ്യൻ പാർലമെന്റിൽ ട്രംപിന്റെ 8.5 അടി ഉയരമുള്ള സ്വർണ്ണ നഗ്നപ്രതിമ! പേര് ‘ദി ഓറഞ്ച് പ്ലേഗ്’

യൂറോപ്യൻ പാർലമെന്റ് കെട്ടിടത്തിൽ സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വർണ്ണം പൂശിയ നഗ്ന പ്രതിമ. പൂർണമായും നഗ്നനായ ട്രംപ്, തന്റെ ഭാരം താങ്ങാനാവാതെ തളരുന്ന ഒരു സാധാരണ മനുഷ്യന്റെ ചുമലിൽ ഇരിക്കുന്ന രീതിയിലാണ് ഈ ശിൽപം നിർമ്മിച്ചിരിക്കുന്നത്. ‘ദി ഓറഞ്ച് പ്ലേഗ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ശിൽപത്തിന് 8.5 അടി ഉയരമുണ്ട്. ഡാനിഷ് ശിൽപിയായ ജെൻസ് ഗാൽഷിയോട്ട് നിർമ്മിച്ച ഈ പ്രതിമ 23 കാരറ്റ് സ്വർണപ്പാളി ഉപയോഗിച്ചാണ് പൊതിഞ്ഞിരിക്കുന്നത്.

ട്രംപിന്റെ ഒരു കൈയിൽ നീണ്ട ഗോൾഫ് ക്ലബ്ബും ലോകത്തെ സൂചിപ്പിക്കുന്ന പന്തും, മറു കയ്യിൽ നീതിയുടെ തുലാസുമാണുള്ളത്. പ്രതിമയുടെ പീഠത്തിൽ ‘കിംഗ് ഓഫ് ഇൻജസ്റ്റിസ്’ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. താൻ ഒരാളുടെ മുതുകിൽ ഇരിക്കുകയാണെന്നും തന്റെ അമിതഭാരം കാരണം അയാൾ താഴേക്ക് പോവുകയാണെന്നും വ്യക്തമാക്കുന്ന പരിഹാസരൂപേണയുള്ള സന്ദേശവും ഇതിലുണ്ട്. സാധാരണക്കാരുടെ സമ്പത്തും അധ്വാനവും ചൂഷണം ചെയ്ത് വീർക്കുന്ന ഭരണാധികാരികളുടെ പ്രതീകമായാണ് ഈ ശിൽപത്തെ ആവിഷ്കരിച്ചിരിക്കുന്നത്.

പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, ജനാധിപത്യ മൂല്യങ്ങൾ എന്നിവയോടുള്ള ട്രംപിന്റെ നിലപാടുകൾക്കെതിരെയുള്ള രാഷ്ട്രീയ പരിഹാസമായാണ് ശിൽപി തന്റെ സൃഷ്ടിയെ വിശേഷിപ്പിക്കുന്നത്. ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സന്റെ ‘ദി എംപറേഴ്സ് ന്യൂ ക്ലോത്ത്സ്’ എന്ന പ്രശസ്ത കഥയാണ് ഇത്തരമൊരു ആശയം നൽകിയതെന്നും, ഏകാധിപതികൾക്ക് തങ്ങളെ പരിഹസിക്കുന്നത് ഇഷ്ടമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡാനിഷ് എംഇപി പെർ ക്ലോസന്റെ പിന്തുണയോടെ യൂറോപ്യൻ പാർലമെന്റിന്റെ ഔദ്യോഗിക അനുമതിയോടെയാണ് പ്രദർശനം നടക്കുന്നത്. ട്രംപിന്റെ ആഗോള സ്വാധീനത്തെക്കുറിച്ച് യൂറോപ്പിൽ കൂടുതൽ ചർച്ചകൾ ഉണ്ടാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. എന്നാൽ, ഇത് ശിൽപത്തിലെ രാഷ്ട്രീയ സന്ദേശത്തിനുള്ള ഔദ്യോഗിക അംഗീകാരമല്ലെന്ന് പാർലമെന്റ് അധികൃതർ വ്യക്തമാക്കി. ഒക്ടോബർ 8 വരെയാണ് നിലവിൽ പ്രതിമയുടെ പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്.