സോഷ്യൽ മീഡിയയിലൂടെ ആരംഭിച്ച പ്രണയം വിവാഹത്തിലെത്തുകയും പിന്നീട് വഞ്ചനയിൽ കലാശിക്കുകയും ചെയ്ത കഥയാണ് കാൺപൂരിൽ നിന്ന് പുറത്തുവരുന്നത്. ബാങ്കോക്കിൽ റെസ്റ്റോറന്റും കാന്റീനും നടത്തുന്ന ഉപ്സോൺ എന്ന തായ്ലൻഡ് സ്വദേശിനിയും ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ തോൽ വ്യാപാരി ഇർഫാനും തമ്മിലാണ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടത്.
സൗഹൃദം പ്രണയമായി മാറിയതോടെ താൻ അവിവാഹിതനാണെന്ന് വിശ്വസിപ്പിച്ച് ഇർഫാൻ തായ്ലൻഡിലെത്തി രണ്ടു വർഷം മുൻപ് ഉപ്സോണെ വിവാഹം കഴിച്ചു. വിവാഹശേഷം ബിസിനസ്സ് ആവശ്യങ്ങൾക്കായി ഇർഫാൻ പണം ചോദിക്കാൻ തുടങ്ങി. സ്വന്തം സമ്പാദ്യത്തിൽ നിന്നും ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയും ഏകദേശം 60 ലക്ഷത്തോളം രൂപ ഉപ്സോൺ ഇർഫാന് നൽകി. പണം കൈപ്പറ്റിയ ശേഷം ഇർഫാൻ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.
മാസങ്ങളോളം ഭർത്താവിനെ കുറിച്ച് വിവരമൊന്നുമില്ലാതായതോടെ ഉപ്സോൺ ഇന്ത്യയിലേക്ക് വരാൻ തീരുമാനിച്ചു. 2026 ഒക്ടോബർ 6-ന് കാൺപൂരിലെ ഇർഫാന്റെ വീട്ടിലെത്തിയ അവർ ഞെട്ടിപ്പിക്കുന്ന സത്യമാണ് അറിഞ്ഞത്. അവിവാഹിതനാണെന്ന് പറഞ്ഞ ഇർഫാന് 12 വർഷം പഴക്കമുള്ള വിവാഹബന്ധവും അതിൽ മൂന്ന് കുട്ടികളുമുണ്ടായിരുന്നു.
തട്ടിപ്പ് ചോദ്യം ചെയ്യുകയും നൽകിയ പണം തിരികെ ആവശ്യപ്പെടുകയും ചെയ്ത ഉപ്സണെ ഇർഫാൻ മർദ്ദിച്ചതായി ആരോപമുണ്ട്. പണം തിരികെ വേണമെങ്കിലോ ഒപ്പം ജീവിക്കണമെങ്കിലോ മതം മാറി ബുർഖ ധരിക്കണമെന്ന് ഇർഫാൻ ആവശ്യപ്പെട്ടതായും അവർ വെളിപ്പെടുത്തി.
വഞ്ചനയ്ക്കും പീഡനത്തിനും ഇരയായ തായ് വനിത അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശിവസിംഗിനെ കണ്ട് പരാതി നൽകി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ഇർഫാനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവാഹ രേഖകൾ, 60 ലക്ഷം രൂപയുടെ ബാങ്ക് ഇടപാടുകൾ, നിർബന്ധിത മതപരിവർത്തന ആരോപണം എന്നിവയെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.




