മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് പാർവതി തിരുവോത്ത്. അഭിനയം കൊണ്ട് മാത്രമല്ല, കൃത്യമായ നിലപാടുകൾ കൊണ്ടുകൂടിയാണ് പാർവതി ശ്രദ്ധ നേടിയത്. താരത്തിന്റെ കരിയറിലെ ഒരു നിർണായക ഏടായിരുന്നു ‘കസബ’ വിവാദം. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിനെതിരെ വിമർശനം ഉയർത്തിയതോടെ കടുത്ത സൈബർ അധിക്ഷേപമാണ് നടി നേരിടേണ്ടി വന്നത്. ആ സമയത്ത് താൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറയുകയാണ് പാർവതിയിപ്പോൾ. മിക്കപ്പോഴും ഇത്തരം ട്രോളുകളും അധിക്ഷേപങ്ങളും തനിക്ക് കൈകാര്യം ചെയ്യാൻ കഴിയാറുണ്ടെങ്കിലും, ചിലപ്പോഴൊക്കെ അത് കൈവിട്ടുപോകാറുണ്ടെന്ന് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.
വിമർശനങ്ങൾ വധഭീഷണികളിലേക്കും ബലാത്സംഗ ഭീഷണികളിലേക്കും പൂർണ്ണമായും കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്ന തരത്തിലുള്ള വേട്ടയാടലുകളിലേക്കും വഴിമാറിയപ്പോൾ, കടുത്ത ഭയത്തോടെയാണ് താൻ ജീവിച്ചതെന്ന് പാർവതി പറഞ്ഞു.
20 വർഷം മുമ്പ് സിനിമാ മേഖലയിലേക്ക് എത്തിയപ്പോൾ, പാട്ടും നൃത്തവും ഐറ്റം നമ്പറുകളും ചെയ്ത് പെട്ടെന്ന് പണമുണ്ടാക്കാനാണ് പലരും ഉപദേശിച്ചിരുന്നത്. അക്കാലത്ത് ഒരു നായികയുടെ സിനിമാ ജീവിതത്തിന്റെ കാലാവധി വളരെ കുറവായിരുന്നുവെന്നതായിരുന്നു അതിന് കാരണമായി പറഞ്ഞിരുന്നത്.
എന്നാൽ അന്ന് വളരെ ചെറുപ്പമായിരുന്ന താൻ അങ്ങനെ ചെയ്യാൻ താല്പര്യമില്ലെന്ന് തീരുമാനിക്കുകയും എന്റേതായ ഒരു പാത വെട്ടിത്തുറക്കുകയുമായിരുന്നു എന്ന് പാർവതി ഓർത്തെടുത്തു. ഇപ്പോൾ കാലം മാറിയിരിക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും സന്തോഷകരമായ കാര്യം. ഒരു കാലത്ത് മാറ്റിനിർത്തപ്പെട്ടിരുന്നവരെല്ലാം ഇപ്പോൾ ശക്തമായി തിരിച്ചുവന്നിട്ടുണ്ടെന്നും, ‘ലസ്റ്റ് സ്റ്റോറീസ്’ പോലുള്ള സിനിമകളിൽ കൊങ്കണ സെൻശർമ്മയെയും രാധിക ആപ്തെയെയും കാണുന്നത് ഇതിന് ഉദാഹരണമാണെന്നും പാർവതി കൂട്ടിച്ചേർത്തു.




