ഡൽഹിയിൽ പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് ഇന്ത്യ സഖ്യത്തിലെ എം.പിമാർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ തടഞ്ഞുവെക്കപ്പെട്ടതിന് പിന്നാലെ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വധ്രയും തമ്മിലുള്ള രസകരമായ നിമിഷങ്ങൾ ശ്രദ്ധ നേടുന്നു. കസ്റ്റഡിയിലെടുത്ത ശേഷം ആകാശവാണി ഭവന് സമീപമിരുന്ന് ഇരുവരും ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വൈറലായ വീഡിയോയിൽ ഒരു എനർജി ഡ്രിങ്ക് കൈയിൽ പിടിച്ചിരിക്കുന്ന രാഹുൽ ഗാന്ധിയെ കാണാം. പാനീയത്തിന്റെ ബ്രാൻഡ് ഏതെന്നു വ്യക്തമല്ലെങ്കിലും, പ്രമുഖ എനർജി ഡ്രിങ്കായ ‘സ്റ്റിംഗ്’ (Sting) ആണിതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു. രാഹുൽ ഈ പാനീയം പ്രിയങ്കയ്ക്ക് കുടിക്കാൻ നൽകിയെങ്കിലും ആദ്യം പ്രിയങ്ക അത് നിരസിക്കുകയും സംശയത്തോടെ മണത്തുനോക്കുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്. എന്നാൽ രാഹുൽ നിർബന്ധിച്ചതോടെ പ്രിയങ്ക അതിൽ നിന്നും ഒരു സിപ്പ് കുടിക്കുകയായിരുന്നു. സഹോദരങ്ങൾ തമ്മിലുള്ള ഈ സ്നേഹപ്രകടനം ഇന്റർനെറ്റിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഡൽഹിയിലെ പ്രശസ്തമായ ‘ഖാൻ ചാച്ച’ റസ്റ്റോറന്റിൽ നിന്ന് ഇരുവർക്കുമായി ഭക്ഷണം എത്തിച്ചിരുന്നതായും വിവരമുണ്ട്. രാഷ്ട്രീയ പ്രതിഷേധങ്ങൾക്കിടയിലും സഹോദരങ്ങൾ തമ്മിലുള്ള സൌഹൃദ നിമിഷങ്ങളും രാഹുലിന്റെ നിർബന്ധവും തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രധാന ചർച്ചാവിഷയം.




