റാഞ്ചി: റാംഗഢിൽ നടക്കുന്ന ഹോം ഗാർഡ് റിക്രൂട്ട്മെന്റിന്റെ കായികക്ഷമതാ പരീക്ഷണത്തിനിടയിൽ, സോസോ ഗ്രാമത്തിൽ നിന്നുള്ള കവിത കുമാരി എന്ന വിധവയായ യുവതി തന്റെ നിശ്ചയദാർഢ്യം കൊണ്ട് മറ്റു ഉദ്യോഗാർത്ഥികൾക്ക് വലിയൊരു പ്രചോദനമായി മാറിയിരിക്കുകയാണ്.
കത്തുന്ന വെയിലത്ത്, സാരിയുടുത്ത് നഗ്നപാദയായി 1,600 മീറ്റർ ഓടിയാണ് കവിത ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ആവശ്യത്തിന് സൗകര്യങ്ങളൊന്നുമില്ലാതിരുന്നിട്ടും, അനുവദിച്ച 10 മിനിറ്റിന് പകരം വെറും ആറ് മിനിറ്റ് കൊണ്ടാണ് അവർ ഓട്ടം പൂർത്തിയാക്കിയത്. സോഷ്യൽ മീഡിയയിൽ ഇവർ ഓടുന്ന വീഡിയോ വൈറലായതോടെ, പ്രാദേശിക റണ്ണിംഗ് ഗ്രൂപ്പ് അംഗങ്ങൾ ഇവരെ ആദരിക്കാൻ തീരുമാനിക്കുകയും വീട്ടിലെത്തി ഉപഹാരം നൽകുകയും ചെയ്തു.
വിധവയായ കവിതയ്ക്ക് രണ്ട് ചെറിയ കുട്ടികളും പ്രായമായ ഭർതൃപിതാവും മാതാവുമാണുള്ളത്. റണ്ണിംഗ് ഷൂസോ ട്രാക്ക് സ്യൂട്ടോ വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്തതിനാൽ തനിക്ക് ലഭ്യമായ സാഹചര്യത്തിൽ തന്നെയാണ് അവർ റിക്രൂട്ട്മെന്റ് പരീക്ഷണത്തിനായി തയ്യാറെടുത്തത്. ദിവസവും പുലർച്ചെ നാലുമണിക്ക് ഉണർന്ന് സാരി ധരിച്ചുതന്നെയാണ് കവിത ഓട്ട പരിശീലനം നടത്തിയിരുന്നത്. കുട്ടികൾക്ക് മികച്ചൊരു ഭാവി ഉറപ്പാക്കാനാണ് താൻ ഹോം ഗാർഡിൽ ചേരാൻഗ്രഹിക്കുന്നതെന്ന് കവിത പറയുന്നു.
റാംഗഢ് ജില്ലയിലെ 284 ഹോം ഗാർഡ് തസ്തികകളിലേക്കാണ് നിലവിൽ റിക്രൂട്ട്മെന്റ് നടക്കുന്നത്. ഇതിൽ 50 ശതമാനം തസ്തികകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ളതാണ്. ഇതിനുപുറമെ, വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾക്കുമായി 5 ശതമാനം പ്രത്യേക സംവരണവും നൽകിയിട്ടുണ്ട്. ലക്ഷ്യം വ്യക്തമാണെങ്കിൽ വസ്ത്രധാരണവോ സാഹചര്യങ്ങളോ അതിന് തടസ്സമാകില്ലെന്ന സന്ദേശമാണ് കവിതയുടെ ഈ ജീവിതകഥ മറ്റുള്ളവർക്ക് നൽകുന്നത്.




