Oddly News

മമ്മി ഉണ്ടാക്കുന്ന അതേ രുചി ! ആയിരം പാക്കറ്റ് മാഗിയുമായി അപൂർവ്വ ‘ലംഗാർ’ വീഡിയോ വൈറൽ

കുട്ടിക്കാലത്തെ മനോഹരമായ ഓർമ്മകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒന്നാണ് മാഗി. അവധി ദിവസങ്ങളിലും മഴയുള്ള വൈകുന്നേരങ്ങളിലും അമ്മ തയ്യാറാക്കി നൽകുന്ന ചൂടുപറക്കുന്ന മാഗി ഇപ്പോഴും പലരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ്. എന്നാൽ അമൃതസറിലെ ഒരു കൂട്ടം ആളുകൾ ചേർന്ന് 1,000 പാക്കറ്റ് മാഗി ഉപയോഗിച്ച് കൂറ്റൻ ‘മാഗി ലംഗാർ’ (സൗജന്യ ഭക്ഷണ വിതരണം) സംഘടിപ്പിച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.

വീഡിയോയിൽ, പ്രദേശവാസികളായ ആളുകൾ മാഗി പാക്കറ്റുകൾ തുറന്ന് കഷണങ്ങളാക്കുന്നത് കാണാം. വലിയൊരു പാത്രത്തിൽ വെണ്ണയും എണ്ണയും ഒഴിച്ച് വറുത്ത ശേഷം സവാള, കാപ്സിക്കം, കാരറ്റ്, പച്ചപ്പട്ടാണി, സ്വീറ്റ് കോൺ, കൂൺ, തക്കാളി എന്നീ പച്ചക്കറികൾ അരിഞ്ഞു ചേർക്കുന്നു. തുടർന്ന് വെള്ളവും മാഗി മസാലയും ചേർത്ത ശേഷം 1,000 പാക്കറ്റ് മാഗി അതിലേക്ക് ഇട്ട് വേവിക്കുന്നു. ഒടുവിൽ പനീർ കഷണങ്ങൾ കൊണ്ട് അലങ്കരിച്ച മാഗി നൂറുകണക്കിന് ആളുകൾക്ക് ചൂടോടെ വിളമ്പുന്നതും, ഇത് വാങ്ങാൻ ആളുകൾ ക്യൂ നിൽക്കുന്നതും വീഡിയോയിലുണ്ട്.

ഈ വ്യത്യസ്തമായ ലംഗാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. ആളുകളുടെ ഈ സംരംഭത്തെ ഭൂരിഭാഗം പേരും പ്രശംസിച്ചപ്പോൾ, മാഗി പോലുള്ള പ്രോസസ്സ് ചെയ്ത ഭക്ഷണം ലംഗാറായി നൽകുന്നതിനെ ഒരു വിഭാഗം വിമർശിച്ചു.

“മാഗിയാണോ ലംഗാറിൽ കൊടുക്കുന്നത്”, “ഇതിന് പകരം പോഷകഗുണമുള്ള എന്തെങ്കിലും കൊടുക്കാമായിരുന്നു”, “ലംഗാർ എന്നാൽ ലളിതവും ആരോഗ്യകരവുമായ ഭക്ഷണമായിരിക്കണം” എന്നിങ്ങനെയാണ് വിമർശിക്കുന്നവരുടെ അഭിപ്രായം. മാഗി ആരോഗ്യാവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ചിലർ കമന്റ് ചെയ്തു.

സിഖ് മതക്കാരുടെ ഏറ്റവും പവിത്രമായ സുവർണ്ണ ക്ഷേത്രം അമൃതസറിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമൂഹ അടുക്കള പ്രവർത്തിക്കുന്ന ഇവിടെ ദിനംപ്രതി ലക്ഷത്തിലധികം ആളുകൾക്ക് സൗജന്യമായി പോഷകഗുണമുള്ള ഭക്ഷണം നൽകുന്നുണ്ട്. ജാതിമത ഭേദമന്യേ എല്ലാവരും ഒപ്പമിരുന്ന് കഴിക്കുന്ന സുവർണ്ണ ക്ഷേത്രത്തിലെ ലംഗാർ സാഹോദര്യത്തിന്റെയും അതിഥിസത്കാരത്തിന്റെയും വലിയൊരു പ്രതീകമാണ്.