ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മേക്കപ്പ് ആർട്ടിസ്റ്റ് തന്റെ ഒരു ആഴ്ചയിലെ വരുമാന കണക്കുകൾ പങ്കുവെച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബ്രൈഡൽ, പാർട്ടി മേക്കപ്പ് ബുക്കിംഗുകളിലൂടെ ഏഴ് ദിവസം കൊണ്ട് 4.5 ലക്ഷം രൂപയാണ് താൻ സമ്പാദിച്ചതെന്ന് ഇവർ വെളിപ്പെടുത്തി. ഇൻസ്റ്റാഗ്രാമിൽ ‘സോഫ്റ്റ് ഗ്ലാം സ്പെഷ്യലിസ്റ്റ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മോമിന എന്ന കലാകാരിയാണ് തന്റെ ഒരു ആഴ്ചയിലെ ജോലി വിവരങ്ങൾ വീഡിയോയിലൂടെ പങ്കുവെച്ചത്.
മൂന്ന് മേക്കപ്പ് ലുക്കുകൾക്കായി ലഭിച്ച 63,000 രൂപയുടെ ബുക്കിംഗോടെയാണ് ആഴ്ച ആരംഭിച്ചതെന്ന് മോമിന പറയുന്നു. തുടർന്ന് 73,000 രൂപയുടെ ഒരു വിവാഹ മേക്കപ്പും, കാസോളിയിൽ വച്ച് ചെയ്ത 55,000 രൂപയുടെ മറ്റൊരു ബ്രൈഡൽ മേക്കപ്പും ഇവർ ചെയ്തു.
ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം ഒരു ക്ലയന്റിനായി നിരവധി ലുക്കുകളും അവരുടെ കുടുംബാംഗങ്ങൾക്ക് പാർട്ടി മേക്കപ്പും ചെയ്തു നൽകി. ഇതിലൂടെ 2.2 ലക്ഷം രൂപ ലഭിച്ചു. വാരാന്ത്യത്തിൽ 37,500 രൂപയുടെ മറ്റൊരു ബ്രൈഡൽ മേക്കപ്പ് കൂടി പൂർത്തിയാക്കി.
ഇങ്ങനെ ആകെ തുക കൂട്ടിയപ്പോൾ ആഴ്ചയിലെ മൊത്തം വരുമാനം 4.5 ലക്ഷം രൂപയായെന്ന് മോമിന വിഡിയോയിൽ വ്യക്തമാക്കി. എന്നാൽ ഇത് ഒറ്റരാത്രികൊണ്ട് ഉണ്ടായ വിജയമല്ലെന്നും വർഷങ്ങളുടെ അധ്വാനത്തിന്റെ ഫലമാണെന്നും ഇവർ കൂട്ടിച്ചേർത്തു. ആളുകൾ വലിയ സംഖ്യകൾ മാത്രമേ കാണുന്നുള്ളൂവെങ്കിലും ഇതിന് പിന്നിലെ കഠിനാധ്വാനം കാണുന്നില്ലെന്ന് ഇൻസ്റ്റാഗ്രാം കുറിപ്പിൽ ഇവർ കുറിച്ചു.
തുടക്കകാലത്ത് സ്വന്തം കഴിവ് തെളിയിക്കാനും പോർട്ട്ഫോളിയോ ഉണ്ടാക്കാനുമായി പണമൊന്നും വാങ്ങാതെ നിരവധി ജോലികൾ ചെയ്തിട്ടുണ്ടെന്ന് മോമിന ഓർത്തെടുത്തു. നിരന്തരമായി പുതിയ കാര്യങ്ങൾ പഠിക്കാനും പ്രതിസന്ധികളിൽ തളരാതെ ഓരോ ക്ലയന്റിനും മികച്ച സേവനം നൽകാനും തയ്യാറായതാണ് ഇന്നത്തെ ഈ നേട്ടത്തിന് കാരണം. തന്റെ യാത്രയിൽ പിന്തുണയ്ക്കുകയും വിശ്വസിക്കുകയും ചെയ്ത എല്ലാവർക്കും ഇവർ നന്ദി അറിയിച്ചു.
തന്റെ വരുമാനം തുറന്നുപറയാൻ കാണിച്ച മനസ്സിനെ അഭിനന്ദിച്ചും, ഈ രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു പ്രചോദനമാണെന്ന് പറഞ്ഞും നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്.




