ഹൃദയത്തിലെ രക്തക്കുഴലുകളിൽ ഘടിപ്പിക്കുന്ന സ്റ്റെന്റ് അടഞ്ഞുപോയ രക്തയോട്ടം പുനഃസ്ഥാപിക്കുമെങ്കിലും, ഭാവിയിൽ വീണ്ടും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പുനൽകുന്നില്ല. മൂന്ന് വർഷം മുമ്പ് സ്റ്റെന്റ് ഘടിപ്പിച്ച ഭാഗത്ത് വീണ്ടും 95 ശതമാനം തടസ്സം കണ്ടെത്തിയപ്പോൾ നവി മുംബൈയിലെ 47-കാരനായ ലൈഫ് ഗാർഡിന് ഇത് നേരിട്ട് ബോധ്യമായി.
വാഷിഗാവ് സ്വദേശിയായ രാജാറാം ജോഷി മൂന്ന് വർഷം മുമ്പാണ് ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനായത്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഇസ്കീമിക് ഹൃദ്രോഗം എന്നിവയും അദ്ദേഹത്തിനുണ്ടായിരുന്നു. മുൻപ് ഹൃദ്രോഗം ഉണ്ടായിരുന്നിട്ടും അദ്ദേഹം സാധാരണ ജീവിതം നയിച്ചു വരികയായിരുന്നു. എന്നാൽ അടുത്തിടെ ഇടയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടാൻ തുടങ്ങി.
എട്ട് ദിവസത്തോളം ഈ അസ്വസ്ഥത നീണ്ടുനിന്നു. പിന്നീട് വേദന കടുക്കുകയും ഒപ്പം വിയർപ്പും ശ്വാസംമുട്ടലും അനുഭവപ്പെടുകയും ചെയ്തതോടെയാണ് സാഹചര്യം ഗുരുതരമായത്. ന്യൂ എറ ആശുപത്രിയിൽ എത്തിച്ചപ്പോൾ അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം 195/120 mmHg ആയി ഉയർന്നിരുന്നു. ഇ.സി.ജി പരിശോധനയിൽ പുതിയ മാറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടർമാർ ആഞ്ചിയോഗ്രാം ചെയ്യുകയും, മുമ്പ് സ്റ്റെന്റ് ഇട്ട ഭാഗത്തുതന്നെ രക്തക്കുഴലിന് ഗുരുതരമായ വീതിക്കുറവ് കണ്ടെത്തുകയും ചെയ്തു.
രക്തയോട്ടം വൻതോതിൽ തടസ്സപ്പെടുത്തുന്ന രീതിയിൽ 95 ശതമാനത്തോളം അടഞ്ഞ നിലയിലായിരുന്നു രക്തക്കുഴൽ. ഡോക്ടർമാർ ഉടൻ തന്നെ മറ്റൊരു ആഞ്ചിയോപ്ലാസ്റ്റി നടത്തുകയും രക്തയോട്ടം പുനഃസ്ഥാപിക്കാൻ ‘ഡ്രഗ്-ഇല്യൂട്ടിംഗ്’ സ്റ്റെന്റ് ഘടിപ്പിക്കുകയും ചെയ്തു. അരമണിക്കൂറോളം നീണ്ട പ്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റി. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം 15 ദിവസത്തെ വിശ്രമം നിർദ്ദേശിച്ച് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു.
ചുരുങ്ങിയ രക്തക്കുഴലുകൾ തുറന്നുനിർത്താൻ ഉപയോഗിക്കുന്ന ചെറിയ മെഷ് കുഴലാണ് സ്റ്റെന്റ്. ആധുനിക സ്റ്റെന്റുകൾ വീണ്ടും തടസ്സമുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെങ്കിലും, ചിലരിൽ സ്റ്റെന്റിനുള്ളിൽ കോശങ്ങൾ വളരുന്നത് (Restenosis) വഴി വീണ്ടും തടസ്സമുണ്ടാകാം. കൂടാതെ, ഹൃദ്രോഗത്തിന് കാരണമാകുന്ന അടിസ്ഥാന പ്രശ്നങ്ങൾ തുടരുമ്പോൾ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തുടരുന്നു.
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പുകവലി എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ. രാജാറാം ജോഷിയുടെ കാര്യത്തിൽ, നിയന്ത്രണവിധേയമല്ലാത്ത രക്തസമ്മർദ്ദവും കൊളസ്ട്രോളും പ്രമേഹവുമാണ് തടസ്സം വീണ്ടും ഉണ്ടാകാൻ കാരണമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.
ആഞ്ചിയോപ്ലാസ്റ്റി ഒരു തടസ്സം മാറ്റുക മാത്രമാണ് ചെയ്യുന്നത്, അല്ലാതെ ഹൃദ്രോഗം വരാനുള്ള സാധ്യതയെ പൂർണ്ണമായി ഇല്ലാതാക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് സ്റ്റെന്റ് ഇട്ട ശേഷവും കൃത്യമായ മരുന്നുകൾ കഴിക്കുന്നതും, രക്തസമ്മർദ്ദവും പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കുന്നതും, ഭക്ഷണക്രമവും വ്യായാമവും ശ്രദ്ധിക്കുന്നതും പ്രധാനമാകുന്നത്. ആഞ്ചിയോപ്ലാസ്റ്റിക്ക് ശേഷവും ഉണ്ടാകുന്ന പുതിയ നെഞ്ചുവേദന, വിയർപ്പ്, ശ്വാസംമുട്ടൽ എന്നിവയെ വെറും ഗ്യാസ്ട്രബിളോ ക്ഷീണമോ ആയി തള്ളിക്കളയാതെ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതുണ്ട്.




