Crime

‘കൊച്ചിയിൽ വിവാഹിതയെ കൂട്ടബലാത്സംഗം ചെയ്തവരിൽ സ്ത്രീയും? ബൈസെക്ഷ്വൽ ആണെന്നും സംശയം’

ജോലി വാഗ്ദാനം നൽകി വിളിച്ചുവരുത്തി വിവാഹിതയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ടുപേർ പിടിയിലായതായി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. കൊച്ചി കളമശേരിയിൽ ഈ മാസം രണ്ടിനാണ് സ്പാ മാനേജർ തസ്തികയിലേക്കുള്ള അഭിമുഖത്തിനെത്തിയ യുവതിക്ക് ക്രൂരമായ അനുഭവം നേരിടേണ്ടിവന്നത്. അഭിമുഖത്തിന് ശേഷം തിരിഞ്ഞെടുത്തതായി അറിയിച്ച സ്പാ നടത്തിപ്പുകാർ, വൈകിട്ടോടെ ജീവനക്കാരുടെ പാർട്ടിയില പങ്കെടുക്കാൻ യുവതിയെ വീണ്ടും ക്ഷണിക്കുകയായിരുന്നു. ഒരു സ്ത്രീയാണ് ഇതിനായി വിളിച്ചതെന്ന് കമ്മിഷണർ വ്യക്തമാക്കി.

യാതൊരു സംശയവും തോന്നാതെ പറഞ്ഞ സ്ഥലത്തെത്തിയ യുവതിയെ നിർബന്ധിച്ച് ബിയറും, തുടർന്ന് മറ്റ് ചില പാനീയങ്ങളും കുടിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ ബോധം തിരിച്ചുകിട്ടിയപ്പോഴാണ് താൻ ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം യുവതി അറിയുന്നത്. തടങ്കലിൽ പാർപ്പിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഘത്തിൽ ഒരു സ്ത്രീയുമുണ്ടായിരുന്നതായി യുവതി മൊഴി നൽകി. പ്രതികളിലൊരാൾ സ്ത്രീയാണോ അതോ ബൈസെക്ഷ്വൽ ആണോയെന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.

യുവതിയുടെ സുഹൃത്തുക്കളുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കടുത്ത മാനസിക സംഘർഷത്തിലായിരുന്ന യുവതിക്ക് തുടക്കത്തിൽ പരാതി നൽകാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല. എറണാകുളത്ത് ഭർത്താവിനൊപ്പം താമസിക്കുന്ന യുവതി, ഒഎൽഎക്സിലെ പരസ്യം കണ്ടാണ് ഈ സ്പായിലെ ജോലിക്ക് അപേക്ഷിച്ചത്. പ്രതികൾക്ക് നഗരത്തിൽ നാലോളം സ്പാകൾ ഉള്ളതായി സൂചനയുണ്ട്. ഇവർക്ക് മുൻപ് കുറ്റകൃത്യങ്ങളിൽ പങ്കുണ്ടോ എന്നും സെക്സ് റാക്കറ്റുകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടപ്പള്ളിയിലെ ലോഡ്ജിലെത്തിച്ചാണ് യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി ശ്രീരാജ് (30), തൃക്കാക്കര തേവയ്ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കേന്ദ്രീകരിച്ച് സ്പാകളിലേക്ക് പെൺകുട്ടികളെ എത്തിച്ചുനൽകുന്ന വലിയൊരു സംഘത്തിലെ കണ്ണികളാണ് ഇവരെന്നും പൊലീസ് അറിയിച്ചു. കളമശേരി ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് തൃക്കാക്കര എസിപി സി.കെ. ബിജോയ് ചന്ദ്രൻ വ്യക്തമാക്കി.