Featured Sports

ആദ്യം ഇന്ത്യ അണ്ടർ–19 ടീമിൽ, ദാ ഇപ്പോൾ ഡൽഹി ടീമിന്റെ ക്യാപ്റ്റൻ; മുൻ ഇന്ത്യൻ താരത്തിന്റെ മകൻ മുന്നോട്ട്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗിന്റെ മകനായ പതിനെട്ടുകാരൻ ആര്യവീർ സേവാഗിനെ വിനു മങ്കാദ് ട്രോഫിക്കുള്ള ഡൽഹി അണ്ടർ-19 ടീമിന്റെ ക്യാപ്റ്റനായി ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) തിരഞ്ഞെടുത്തു. ഒക്ടോബർ 8 മുതൽ വിശാഖപട്ടണത്ത് ആരംഭിക്കുന്ന ടൂർണമെന്റിനായി ആര്യവീറിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ അണ്ടർ–19 ടീമിൽ അംഗമായതിന് തൊട്ടുപിന്നാലെയാണ് ആഭ്യന്തര ക്രിക്കറ്റിൽ താരത്തെ തേടി ഈ നായകസ്ഥാനവും എത്തിയത്.

കഴിഞ്ഞ മാസം രാജ്‌കോട്ടിൽ ഓസ്‌‌ട്രേലിയയ്‌ക്കെതിരെ നടന്ന യൂത്ത് ഏകദിന പരമ്പരയിലാണ് ആര്യവീർ ആദ്യമായി ഇന്ത്യൻ അണ്ടർ–19 കുപ്പായമണിഞ്ഞത്. അരങ്ങേറ്റ മത്സരത്തിൽ 26 പന്തിൽ 28 റൺസ് നേടിയ താരം, രണ്ടാം മത്സരത്തിൽ ഓപ്പണറായി ഇറങ്ങി 47 റൺസെടുത്ത് നിർഭാഗ്യകരമായ രീതിയിൽ റണ്ണൗട്ടാവുകയായിരുന്നു. മൂന്നാം ഏകദിനത്തിൽ 34 റൺസ് കൂടി കൂട്ടിച്ചേർത്ത താരം പരമ്പരയിലെ മൂന്ന് ഇന്നിങ്സുകളിൽ നിന്നായി ആകെ 109 റൺസ് സ്വന്തമാക്കി.

അടുത്തിടെ ആഭ്യന്തര ക്രിക്കറ്റിൽ തുടക്കമിട്ട ആര്യവീറിന് വളരെ വേഗത്തിലാണ് ഇന്ത്യൻ അണ്ടർ-19 ടീമിലേക്കും തുടർന്ന് ഡൽഹി ടീമിന്റെ ക്യാപ്റ്റൻ പദവിയിലേക്കും അവസരം ലഭിച്ചത്. 2026-ലെ ഡൽഹി പ്രിമിയർ ലീഗിൽ വെസ്റ്റ് ഡൽഹി ലയൺസിനായി രണ്ടു മത്സരങ്ങളിൽ നിന്ന് 24 റൺസ് നേടിയ താരം, 2024-ൽ നടന്ന കുച്ച് ബിഹാർ ട്രോഫിയിൽ മേഘാലയയ്‌ക്കെതിരെ 297 റൺസ് അടിച്ചുകൂട്ടിയാണ് ക്രിക്കറ്റ് ലോക ശ്രദ്ധ നേടിയത്.