ഏഷ്യൻ ഗെയിംസ് 2026-ലെ പുരുഷ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുടെ 15 വയസ്സുകാരൻ ഓപ്പണർ വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം പാകിസ്ഥാൻ ഓൾറൗണ്ടർ സൈം അയ്യൂബ് നടത്തിയ ‘ബേബി ക്രാഡിൽ’ (കുഞ്ഞിനെ ഉറക്കുന്ന പോലുള്ള) ആഘോഷത്തെ വിമർശിച്ച് മുൻ പാകിസ്ഥാൻ താരം അഹമ്മദ് ഷെഹ്സാദ്. മത്സരത്തിലെ മൂന്നാം ഓവറിൽ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച അപകടകാരിയായ സൂര്യവംശിയെ അയ്യൂബ് പുറത്താക്കുകയായിരുന്നു.
ഇത്രയും ചെറിയ പ്രായമുള്ള ഒരു കൗമാരക്കാരനായ കളിക്കാരനെതിരെ ഇത്തരമൊരു ആഘോഷത്തിന്റെ ആവശ്യമെന്തായിരുന്നുവെന്ന് ഷെഹ്സാദ് . വലിയ സമ്മർദ്ദമുള്ള മത്സരങ്ങളിൽ പാകിസ്ഥാൻ കൂടുതൽ ഉത്തരവാദിത്തവും പോരാട്ടവീര്യവും കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിക്കവേയാണ് ഇന്ത്യയുടെ ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ നിർണായക വിക്കറ്റ് വീഴ്ത്തിയ ശേഷമുള്ള അയ്യൂബിന്റെ ഈ യാത്രയയപ്പ് ആഘോഷത്തെ ഷെഹ്സാദ് ലക്ഷ്യമിട്ടത്.
“ഇതൊക്കെ ഉണ്ടാക്കി വച്ചത് നിങ്ങളാണ്. അല്ലെങ്കിൽ ലോകം മുഴുവൻ നിങ്ങളെക്കുറിച്ചാണ് ഇത് പറയേണ്ടത്. ക്രിക്കറ്റിൽ ഇന്ത്യ നിങ്ങളെ ഒരു കുട്ടിയാക്കി മാറ്റിയതുപോലെ, ലോകവും നിങ്ങളെ ഒരു കുട്ടിയാക്കി മാറ്റിയിരിക്കുകയാണ്,” ഷെഹ്സാദ് പറഞ്ഞു.
ബാറ്റിംഗിലും ബൗളിംഗിലും അയ്യൂബിന്റെ പ്രകടനത്തെ ചോദ്യം ചെയ്ത അദ്ദേഹം, ഇന്ത്യക്കെതിരെയുള്ള പ്രധാന മത്സരങ്ങളിൽ പാകിസ്ഥാൻ തുടർച്ചയായി തോൽക്കുന്നതിൽ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. “ഇന്ത്യയോട് നിങ്ങൾ തോൽക്കുന്ന നാലാമത്തെയോ അഞ്ചാമത്തെയോ മത്സരമാണിത്. മികച്ച രീതിയിൽ കളിക്കാനോ പോരാട്ടം പുറത്തെടുക്കാനോ നിങ്ങൾക്ക് കഴിയുന്നില്ല. നിങ്ങൾ എന്താണ് ചെയ്തത്? സൈം അയ്യൂബിന് ശരിയായി ബാറ്റ് ചെയ്യാനോ ബൗൾ ചെയ്യാനോ അറിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിനിടെ അഭിഷേക് ശർമ്മയുടേത് ഉൾപ്പെടെ രണ്ട് ക്യാച്ചുകൾ അയ്യൂബ് കൈവിട്ടിരുന്നു. ലഭിച്ച ജീവൻ പ്രയോജനപ്പെടുത്തി 28 പന്തിൽ 61 റൺസ് അടിച്ചുകൂട്ടിയ അഭിഷേക് ശർമ്മ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
“ക്യാച്ചുകൾ വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങൾ അഭിഷേക് ശർമ്മയുടെ ക്യാച്ച് കൈവിട്ട് അദ്ദേഹത്തിന് അവസരം നൽകി. മുഴുവൻ പാകിസ്ഥാനെയും നിങ്ങൾ തലകുനിച്ചു. ലഭിച്ച അവസരങ്ങൾ കൃത്യമായി വിനിയോഗിച്ച് മികച്ച പ്രകടനം പുറത്തെടുക്കുകയാണ് നിങ്ങൾ ചെയ്യേണ്ടിയിരുന്നത്,” ഷെഹ്സാദ് പറഞ്ഞു നിർത്തി.




