Featured Good News

പൈലറ്റുമാർ എത്തുംമുൻപ് വിമാനം നിയന്ത്രിച്ചുനിർത്തിയത് പ്ലമ്പര്‍; രക്ഷകരായി ഡെന്റിസ്റ്റ് മുതല്‍ സി.ഇ.ഒ. വരെ, ഫ്‌ളൈ ദുബായ് സംഭവത്തിലെ റിയല്‍ ഹീറോകള്‍

ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോയ വിമാനത്തിൽ അക്രമിയുടെ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റിട്ടും കോക്പിറ്റിന്റെ വാതിൽ തുറന്ന് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയ ഇന്ത്യൻ വംശജനായ പൈലറ്റ് സ്മിത്ത് മിച്ഛാറിന് അഭിനന്ദനപ്രവാഹമാണ്. വലിയൊരു വൻദുരന്തം ഒഴിവാക്കാൻ പൈലറ്റിന്റെ സമയബന്ധിതമായ ഇടപെടലിന് സാധിച്ചു. എന്നാൽ ജീവൻ അപകടത്തിലായ പൈലറ്റിനെ രക്ഷിക്കാനും അക്രമിയെ കീഴ്‌‌പ്പെടുത്താനും ജീവനക്കാരെ സഹായിച്ചത് വിമാനത്തിലുണ്ടായിരുന്ന പ്ലമ്പറും ദന്തഡോക്ടറും ബാങ്ക് സിഇഒയും അടക്കമുള്ള നാല് ഇസ്രയേൽ പൗരന്മാരുടെ ധീരമായ ഇടപെടലാണ്. മുസായേവ് ഷോട്ട, യാനിവ് ഹയുൻ, അസാഫ് രാജ്വാൻ, സ്വിക്ക മാനെസ് എന്നിവരാണ് ഈ രക്ഷാപ്രവർത്തനത്തിലൂടെ ശ്രദ്ധേയരായത്.

അക്രമത്തിൽപെട്ട പൈലറ്റിനെ രക്ഷിക്കാൻ കോക്പിറ്റിലേക്ക് ആദ്യം ഓടിയെത്തിയ യാനിവ് ഹുയൻ ഒരു പ്ലമറാണ്. രക്തക്കറ പുരണ്ട ഷർട്ടുമായി എത്തിയ ഹുയനെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നേരിട്ടെത്തി കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കുത്തേറ്റ് തളർന്നു വീഴുന്നതിന് തൊട്ടുമുൻപ് പൈലറ്റ് കോക്പിറ്റിന്റെ വാതിൽ തുറന്നെന്നും, താൻ അകത്തുകയറുമ്പോൾ അക്രമി സീറ്റിലിരുന്ന് വിമാനം പ്രവർത്തനരഹിതമാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഹുയൻ വ്യക്തമാക്കി. സീറ്റിൽ പൈലറ്റ് ഇല്ലാതിരുന്നതിനാൽ ടിവിയിൽ കണ്ട പരിചയം വച്ച് പെട്ടെന്ന് ‘മെയ്ഡെ, മെയ്ഡെ’ എന്ന് വിളിച്ചുപറഞ്ഞ് സഹായം അഭ്യർത്ഥിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (ജീവൻ അപകടത്തിലാക്കുന്ന അടിയന്തര സാഹചര്യം അറിയിക്കാൻ വിമാന പൈലറ്റുമാർ ഉപയോഗിക്കുന്ന അന്താരാഷ്ട്ര ദുരന്തസൂചക സന്ദേശമാണ് ‘മെയ്ഡെ’ (Mayday) കോൾ.)

കോക്പിറ്റിനകത്തേക്ക് ഓടിയെത്തിയ മറ്റൊരു യാത്രക്കാരനായ ദന്തഡോക്‌ടർ മുസായേവ്‌ ഷോട്ടയാണ് ഗുരുതരമായി പരുക്കേറ്റ പൈലറ്റിന് അടിയന്തര വൈദ്യസഹായം നൽകിയത്. തായ്‌ലൻഡിലെ അവധിക്കാല ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇൻഷുറൻസ് ഏജൻസി ഉടമ അസാഫ് രാജ്വാനും പൈലറ്റിന്റെ രക്ഷയ്ക്കെത്തി. സംഭവം ഒരു ഭയനാകമായ ‘ഹൊറർ ചിത്രം’ പോലെയായിരുന്നു എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ബാങ്ക് ലിയുമിയുടെ കീഴിലുള്ള സ്ഥാപനത്തിന്റെ സിഇഒയായ സ്വിക്ക മാനെസും ഈ സമയം കോക്പിറ്റിലേക്ക് ഓടിയെത്തിയിരുന്നു. വിമാനത്തിൽ വിതരണം ചെയ്ത ഹെഡ്ഫോണുകളുടെ കേബിൾ വയർ ഉപയോഗിച്ചാണ് അദ്ദേഹം അക്രമിയെ വലിഞ്ഞുമുറുക്കി കെട്ടിയിട്ടത്. ഏകദേശം 50 മിനിറ്റോളം നീണ്ട ജീവൻമരണ പോരാട്ടത്തിനൊടുവിൽ വിമാനം സുരക്ഷിതമായി സൗദി അറേബ്യയിലെ തബൂക്കിൽ ഇറക്കാൻ സാധിച്ചു.