Featured Oddly News

15 കൊല്ലമായി രാഖികെട്ടുന്ന യുവാവിനൊപ്പം 20കാരി ഒളിച്ചോടി; പ്രതീകാത്മക അന്ത്യകർമ്മങ്ങൾ നടത്തി പിതാവ്

ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഇരുപതുകാരിയായ യുവതി ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ ഇരുപത്തിരണ്ടുകാരനായ കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു. എന്നാൽ ഈ വിവാഹത്തിനെതിരെ യുവതിയുടെ കുടുംബം കടുത്ത എതിർപ്പാണ് ഉയർത്തുന്നത്. സഹോദരനെപ്പോലെയാണ് മകൾ നന്ദിനി പാണ്ഡെ സുഹൃത്തായ ശാശ്വത് ഗുപ്തയെ കണ്ടിരുന്നതെന്നും കഴിഞ്ഞ 15 വർഷമായി മകൾ ഇയാൾക്ക് രാഖി കെട്ടിയിരുന്നതായും കുടുംബം അവകാശപ്പെടുന്നു. സെപ്റ്റംബർ 20-നാണ് നന്ദിനി കുടുംബത്തെ ഉപേക്ഷിച്ച് ശാശ്വതിനൊപ്പം പോയത്.

ശാശ്വത് പതിവായി തങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നെന്ന് നന്ദിനിയുടെ വീട്ടുകാർ പറയുന്നു. എന്നാൽ നന്ദിനി ശാശ്വത്തിന് രാഖി കെട്ടിക്കൊടുത്തിരുന്നതിനാൽ ഇരുവരും പ്രണയത്തിലാണെന്ന് ആർക്കും സംശയം തോന്നിയിരുന്നില്ല. യുവാവ് മകളെ വശീകരിച്ച് കൊണ്ടുപോയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

എന്നാൽ കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ് യുവതി രംഗത്തെത്തി. താനും ശാശ്വതും പ്രണയത്തിലായിരുന്നുവെന്നും പരസ്പര സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്നും യുവതി വീഡിയോയിലൂടെ വ്യക്തമാക്കി. അതോടൊപ്പം വീട്ടിൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിട്ടിട്ടുണ്ടെന്നും അസുഖം വന്നപ്പോൾ ആശുപത്രിയിൽ പോലും കൊണ്ടുപോയില്ലെന്നും യുവതി കുടുംബത്തിനെതിരെ ആരോപിച്ചു.

മകൾ വീടുവിട്ടിറങ്ങിയതോടെ പിതാവ് നന്ദിനിക്കായി പ്രതീകാത്മകമായി അന്ത്യകർമ്മങ്ങൾ നടത്തി. സെപ്റ്റംബർ 21-നാണ് കുടുംബം പ്രതീകാത്മകമായ ശവസംസ്കാര ചടങ്ങുകൾ സംഘടിപ്പിച്ചത്. അതേസമയം വീടുവിട്ടുപോയപ്പോൾ നന്ദിനി രണ്ടു ലക്ഷം രൂപ കവർന്നുവെന്നും കുടുംബം ആരോപിക്കുന്നുണ്ട്. എന്നാൽ തന്റെ വീട്ടിൽ അത്രയും പണം ഉണ്ടായിരുന്നില്ലെന്ന് മകൾ ഇതിന് മറുപടിയും നൽകി.