Crime Featured

എന്റെ മകനേ…. പരിചരിച്ചു മടുത്തു; കിടപ്പിലായ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മകൻ; നെഞ്ചുലയ്ക്കുന്ന ദാരുണസംഭവം

തൃശൂർ വരാക്കരയിൽ കിടപ്പിലായ വയോധികയായ അമ്മയെ പരിചരിക്കാനുള്ള മടി കാരണം മകൻ തലയിണ മുഖത്തമർത്തി ശ്വാസം മുട്ടിച്ചു കൊന്നു. വരാക്കര സ്വദേശി എൽസിയാണ് (72) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബിനോയിയെ (48) വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

എൽസിയും മകൻ ബിനോയിയും കഴിഞ്ഞ രണ്ട് വർഷമായി വരാക്കരയിലുള്ള ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ മറ്റംഗങ്ങൾ പുറത്തുപോയ സമയത്ത് അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഈ സമയം കടുത്ത മദ്യലഹരിയിലായിരുന്ന ബിനോയ്, രോഗിയായ അമ്മയുടെ മുഖത്ത് തലയിണ അമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് നേരം പുലർന്നപ്പോൾ ഇത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീർക്കാൻ ഇയാൾ ശ്രമിച്ചു. എന്നാൽ മരണത്തിൽ സംശയം തോന്നിയ ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരണമെന്ന് വ്യക്തമാകുകയും മുഖത്ത് അമർത്തിയതിന്റെ പാടുകൾ കണ്ടെത്തുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ബിനോയ് കുറ്റം സമ്മതിച്ചു. രോഗിയായ അമ്മയെ നോക്കി മടുത്തതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് ഇയാളുടെ മൊഴി.

കടുത്ത മദ്യപാനിയായ ബിനോയിയെ സ്വഭാവദൂഷ്യം കാരണം ഭാര്യ ഉപേക്ഷിച്ചു പോയതാണ്. പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അമ്മ തന്റെ മദ്യപിച്ചുള്ള സ്വൈര്യവിഹാരത്തിന് തടസ്സമാണെന്ന് കരുതിയതാണ് ഈ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.