പുണെയിലെ പ്രമുഖ വ്യാപാരി കേതൻ അഗർവാളിന്റെ കൊലപാതക കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി കുടുംബം രംഗത്തെത്തി. കേതൻ കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് ഭാവിവധു സിയ ഗോയലിന് ജന്മദിന സമ്മാനമായി തന്റെ ശരീരത്തിൽ അവളുടെ പേര് ടാറ്റൂ ചെയ്തിരുന്നുവെന്ന് പിതാവ് വിശാൽ അഗർവാൾ വെളിപ്പെടുത്തി.
സിയയെയോ അവളുടെ കുടുംബത്തെയോ തങ്ങൾക്ക് ഒട്ടും സംശയമില്ലായിരുന്നുവെന്ന് പിതാവ് പറയുന്നു. വിവാഹനിശ്ചയത്തിനായി 28 വസ്ത്രങ്ങളും 15 സെറ്റ് സ്വർണാഭരണങ്ങളുമാണ് സിയയ്ക്ക് വാങ്ങി നൽകിയിരുന്നത്. ജൂൺ 19-ന് മഹാബലേശ്വറിൽ വച്ച് സിയയുടെ ജന്മദിനം ഗംഭീരമായി ആഘോഷിക്കാൻ കേതൻ പദ്ധതിയിട്ടിരുന്നതായും, ഇതിന്റെ ഭാഗമായാണ് അവളുടെ പേര് ശരീരത്തിൽ ടാറ്റൂ ചെയ്തതെന്നും പിതാവ് കൂട്ടിച്ചേർത്തു.
ഫെബ്രുവരിയിലായിരുന്നു കേതന്റെയും സിയയുടെയും വിവാഹനിശ്ചയം നടക്കുന്നത്. പിന്നീട് ജൂൺ 18-നാണ് പുണെയ്ക്ക് സമീപമുള്ള ലോഹഗഡ് കോട്ടയിലെ മലയിടുക്കിൽ വീണ് മരിച്ച നിലയിൽ കേതന്റെ മൃതദേഹം കണ്ടെത്തുന്നത്. തുടക്കത്തിൽ ഇതൊരു അപകടമരണമാണെന്ന് കരുതിയെങ്കിലും, പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് നടത്തിയ ദാരുണമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
ഒരു വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി കേതനുമായി സൗഹൃദം സ്ഥാപിക്കുകയും, തുടർന്ന് തന്ത്രപൂർവം ലോഹഗഡ് കോട്ടയിലേക്ക് വിളിച്ചുവരുത്തി കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ സിയയെയും കാമുകൻ ചേതനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.




