ഐഎഎസ് രാജിവച്ചതിനു ദിവസങ്ങൾക്ക് ശേഷം രാഷ്ട്രീയ പ്രവേശന പ്രഖ്യാപനവുമായി ഉത്തർപ്രദേശ് കേഡർ മുൻ ഉദ്യോഗസ്ഥ ദിവ്യാ മിത്തൽ. രാജിക്കു പിന്നാലെ ഉയർന്ന ശക്തമായ അഭ്യൂഹങ്ങൾ ശരിവെച്ച ദിവ്യ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നതിന് പകരം ജനങ്ങൾക്കൊപ്പം ഒരുമിച്ച് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് വ്യക്തമാക്കി. തന്റെ കർമ്മഭൂമിയായ ഉത്തർപ്രദേശിൽ നിന്ന് തന്നെയായിരിക്കും രാഷ്ട്രീയ യാത്രയുടെ തുടക്കമെന്നും, വരാനിരിക്കുന്ന നിർണ്ണായകമായ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
2013 ബാച്ച് ഉദ്യോഗസ്ഥയായ ദിവ്യ 13 വർഷത്തെ ഐഎഎസ് സേവനത്തിന് ശേഷമാണ് രാജിവെച്ചത്. മിർസാപൂർ, ഡിയോറിയ ജില്ലകളിൽ ജില്ലാ മജിസ്ട്രേറ്റായിരുന്ന സമയത്ത് വിദൂര ഗ്രാമങ്ങളിൽ കുടിവെള്ളമെത്തിച്ച നടപടികളിലൂടെയാണ് അവർ ശ്രദ്ധേയയായത്. സ്വയം ‘ജനങ്ങളുടെ ശബ്ദം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഉത്തരവാദിത്തം, നീതി, സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കൽ എന്നിവയിലായിരിക്കും തന്റെ പുതിയ യാത്ര കേന്ദ്രീകരിക്കുകയെന്നും അവർ പറഞ്ഞു.
വലിയൊരു ദൗത്യത്തിന് ധൈര്യം സംഭരിക്കുകയായിരുന്നുവെന്നും, രാജിക്കു ശേഷം ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയുമായിട്ടാണ് ഇപ്പോൾ എത്തിയിരിക്കുന്നതെന്നും വിഡിയോ സന്ദേശത്തിൽ ദിവ്യ പറഞ്ഞു. ആരുടെയും ഓഫീസുകളിൽ എത്തുപ്പെടാത്ത സാധാരണക്കാരുടെ ശബ്ദമാകാനാണ് ആഗ്രഹിക്കുന്നതെന്നും, രാജ്യത്തിന്റെ 80 വർഷത്തെ സ്വാതന്ത്ര്യത്തിന് ശേഷവും അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാത്ത സാഹചര്യങ്ങൾ മാറേണ്ടതുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.
ഗ്രാമങ്ങളിലെ റോഡുകളുടെയും പാലങ്ങളുടെയും അഭാവവും മഴക്കാലത്ത് ഗ്രാമീണരും കുട്ടികളും നേരിടുന്ന ദുരിതങ്ങളും ചൂണ്ടിക്കാണിച്ച അവർ, രാഷ്ട്രീയം മാറ്റിയെടുക്കണമെന്നും ഏതെങ്കിലും പാർട്ടിക്കൊപ്പമല്ല, ജനങ്ങൾക്കൊപ്പമാണ് താൻ പ്രവർത്തിക്കുകയെന്നും വ്യക്തമാക്കി.
അർത്ഥവത്തായ മാറ്റം ജനകീയ പങ്കാളിത്തത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ചൂണ്ടിക്കാട്ടി, അധ്യാപകരും കർഷകരും വിദ്യാർഥികളും ഡോക്ടർമാരും തൊഴിലാളികളും അഭിഭാഷകരും അടങ്ങുന്ന സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവരോടും തന്റെ ശ്രമങ്ങളിൽ പങ്കുചേരാൻ ദിവ്യ ആഹ്വാനം ചെയ്തു.




