Oddly News

ഡൽഹിയിലെ ഏറ്റവും തടിച്ച നായ ആര്? വോട്ടെടുപ്പിൽ ഏറ്റുമുട്ടി ഗുഗുവും റാംബാബുവും! ഫലം ഒക്ടോബർ 1-ന്

ഡൽഹിയിലെ ഏറ്റവും തടിയന്മാരായ നായ്ക്കളെ കണ്ടെത്താന്‍ 64 നായകളുമായി തുടങ്ങിയ ഒരു അപൂർവ്വ മത്സരം ഇപ്പോള്‍ തരംഗമായി മാറിയിരിക്കുകയാണ്. വെറുമൊരു തമാശയായി സമൂഹമാധ്യമങ്ങളിൽ ആരംഭിച്ച ഈ വേറിട്ട മത്സരം വെറും ആറ് ദിവസത്തിനുള്ളിൽ ഇന്റർനെറ്റിൽ വൻ തരംഗമായി മാറി. ഒരാഴ്ച നീണ്ട വോട്ടെടുപ്പുകൾക്ക് ശേഷം ഡൽഹിയിലെ ഏറ്റവും തടിയനായ നായയെ കണ്ടെത്താനുള്ള മത്സരത്തിലെ അവസാന പോരാട്ടം ഇപ്പോൾ ‘ഗൂഗു’, ‘റാംബാബു’ എന്നീ രണ്ട് നായകൾ തമ്മിലാണ്.

ഡൽഹിയിലെ ഏറ്റവും തടിയനായ നായയെ തിരഞ്ഞെടുക്കാൻ ഇൻസ്റ്റാഗ്രാമിലാണ് നെറ്റിസൺസ് വോട്ട് ചെയ്യുന്നത്. ‘ഫാറ്റ് ഡോഗ്സ് ഓഫ് ഡൽഹി’ എന്ന ഇൻസ്റ്റാഗ്രാം പേജാണ് ഒരു തമാശരൂപേണ ഈ വ്യത്യസ്ത മത്സരം തുടങ്ങിയത്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിലുള്ള തടിയന്മാരായ നായകളുടെ ചിത്രങ്ങളും അവയുടെ പേരും സ്ഥലവും അയച്ചുനൽകാൻ പേജിന്റെ അഡ്മിൻ ആവശ്യപ്പെടുകയായിരുന്നു. ഒരു ഡൽഹി യൂണിവേഴ്സിറ്റി ജേണലിസം വിദ്യാർത്ഥിനി ആരംഭിച്ച ഈ ഇൻസ്റ്റാഗ്രാം പേജിന്റെ ഫോളോവേഴ്സ്, മത്സരം പെട്ടെന്ന് തരംഗമായതോടെ 1,500-ൽ നിന്ന് 96,000-ലധികം ആയി ഉയർന്നു.

ഇതിനെത്തുടർന്ന് ലഭിച്ച വിവരങ്ങളിൽ നിന്ന് 64 നായകളെ മത്സരത്തിനായി തിരഞ്ഞെടുക്കുകയും അവ തമ്മിൽ ഘട്ടം ഘട്ടമായി മത്സരിപ്പിക്കുകയും ചെയ്തു. സെപ്റ്റംബർ 24-ന് ആരംഭിച്ച ഈ മത്സരത്തിന് അലാസ്കയിൽ വർഷം തോറും നടക്കാറുള്ള ‘ഫാറ്റ് ബെയർ വീക്ക്’ എന്ന മത്സരമാണ് പ്രചോദനമായത്. ഓരോ ഘട്ടത്തിലും ഇൻസ്റ്റാഗ്രാം സ്‌‌റ്റോറികളിലൂടെ നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് വിജയികളെ തീരുമാനിച്ചിരുന്നത്.

മത്സരം അവസാന ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ ഈ ഇൻസ്റ്റാഗ്രാം പേജിന് തൊണ്ണൂറ്റയ്യായിരത്തിലധികം ഫോളോവേഴ്സ് ഉണ്ട്. ആദ്യ റൗണ്ട് മുതൽ സെമി ഫൈനൽ വരെ നീണ്ട ആറ് ദിവസത്തെ വോട്ടെടുപ്പിന് ശേഷം ഡൽഹിയിലെ ആ ‘അമരക്കാരൻ’ ആരാണെന്ന് അറിയാൻ വൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സമൂഹമാധ്യമ ലോകം.

ഡൽഹിയിലെ മൂന്ന് കേന്ദ്രങ്ങളിൽ നടക്കുന്ന നേരിട്ടുള്ള വോട്ടെടുപ്പിലൂടെയും ഓൺലൈൻ വോട്ടെടുപ്പിലൂടെയുമാണ് അവസാന ഘട്ട വിജയിയെ തിരഞ്ഞെടുക്കുന്നത്. ഈ കൗതുകകരമായ മത്സരത്തിലെ വിജയിയായ ‘തടിയൻ’ നായയെ ഒക്ടോബർ 1-ന് പ്രഖ്യാപിക്കും.