മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ആഡംബര ജീവിതത്തിനും ഫോണും സ്വർണ്ണമാലയും വാങ്ങാനുമായി ഒരു മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ മാതാപിതാക്കൾ ഒന്നര ലക്ഷത്തോളം രൂപയ്ക്ക് വിറ്റു. സംഭവത്തിൽ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും 550 കിലോമീറ്ററിലധികം അകലെയുള്ള ഹൈദരാബാദിൽ നിന്ന് കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് ഏഴ് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സെപ്റ്റംബർ 20-ന് തനിക്ക് മർദ്ദനമേറ്റതായി കാണിച്ച് കുഞ്ഞിന്റെ അമ്മ പോലീസിനെ സമീപിച്ചതോടെയാണ് നടുക്കുന്ന സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും ചേർന്ന് ഒരു മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ വിറ്റതായി തെളിയുകയായിരുന്നു. ഛത്രപതി സംഭാജിനഗറിലെ മുകുന്ദ്വാടി പ്രദേശത്ത് ലിവിംഗ് ഇൻ ബന്ധത്തിൽ കഴിയുകയായിരുന്നു ഈ ദമ്പതികൾ. ആഡംബര ജീവിതത്തിനുള്ള പണത്തിനായി ഇവർ കുഞ്ഞിനെ സീമ രേഷ്വാൾ എന്ന ഇടനിലക്കാരിക്ക് 1.2 ലക്ഷം രൂപയ്ക്കാണ് ആദ്യം വിറ്റത്.
തുടർന്ന് മൂന്ന് തവണ കൂടി കുഞ്ഞ് കൈമാറ്റം ചെയ്യപ്പെട്ടു. സീമ ഈ കുഞ്ഞിനെ പഡേഗാവ് സ്വദേശിയായ സംഗീത അവ്ഹാദ് എന്ന സ്ത്രീക്ക് 2.7 ലക്ഷം രൂപയ്ക്ക് വിറ്റു. സംഗീത കുഞ്ഞിനെ സുരേഷ് ഗുണ്ടുക്ക എന്ന വ്യാജ ഡോക്ടർക്ക് 3.5 ലക്ഷം രൂപയ്ക്ക് കൈമാറി. ഈ ഡോക്ടർ ഹൈദരാബാദിലുള്ള തന്റെ ബന്ധുവായ ഉമാ ഖത്കമിന് അതേ തുകയ്ക്ക് കുഞ്ഞിനെ നൽകുകയായിരുന്നു. വിവരമറിഞ്ഞ പോലീസ് ഹൈദരാബാദിലെത്തി കുഞ്ഞിനെ സുരക്ഷിതമായി വീണ്ടെടുത്തു. കുഞ്ഞിനെ മഹാരാഷ്ട്രയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
പുണ്ട്ലിക് നഗർ പോലീസ് ഇൻസ്പെക്ടർ വിവേക് സോണാവനെയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. മാതാപിതാക്കൾ, ഇടനിലക്കാരായ സീമ രേഷ്വാൾ, സംഗീത അവ്ഹാദ്, വ്യാജ ഡോക്ടർ സുരേഷ് ഗുണ്ടുക്ക എന്നിവരടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് മാതാപിതാക്കൾ വാങ്ങിയ രണ്ട് പുതിയ വിലകൂടിയ മൊബൈൽ ഫോണുകളും സ്വർണ്ണമാലയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ വ്യാജ ഡോക്ടറടക്കമുള്ള ഇടനിലക്കാർ മുൻപും ഇതുപോലെ കുട്ടികളെ വിറ്റിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.




