ബെംഗളൂരുവിൽ യാത്രാക്കൂലിയെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് റോഡിൽ ഓട്ടോ ഡ്രൈവറും യുവതികളും തമ്മിൽ അടിപിടിയുണ്ടായതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് എച്ച്.എസ്.ആർ ലേഔട്ട് തേർഡ് സെക്ടറിലായിരുന്നു സംഭവം. വഴിയാത്രക്കാര് പകർത്തിയ ദൃശ്യങ്ങളിൽ മൂവരും പരസ്പരം കൈയേറ്റം ചെയ്യുന്നത് കാണാം.
തർക്കം രൂക്ഷമായതോടെ മറ്റൊരു സ്ത്രീ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വീഡിയോ വൈറലായതോടെ പോലീസിന്റെ ഇടപെടൽ ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എച്ച്.എസ്.ആർ ലേഔട്ട് പോലീസ് രണ്ട് യുവതികളെയും ബന്ധപ്പെടുകയും സ്റ്റേഷനിലെത്തി പരാതി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരാതി നൽകാൻ ഒന്നോ രണ്ടോ ദിവസത്തെ സമയം വേണമെന്ന് ഇവർ അറിയിക്കുകയായിരുന്നു. ഇതിനിടെ അക്രമത്തിൽ ഉൾപ്പെട്ട ഓട്ടോ ഡ്രൈവറെ പോലീസ് കണ്ടെത്തി.
യാത്രാക്കൂലിയെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് ഡ്രൈവർ പോലീസിന് നൽകിയ മൊഴി. മദ്യപിച്ചെത്തിയ യുവതികൾ തന്നോട് അസഭ്യം പറയുകയും പണം നൽകാൻ വിസമ്മതിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിക്കുന്നു. യുവതികൾ ആദ്യം തന്നെ മർദ്ദിച്ചെന്നും തുടർന്നാണ് താൻ തിരിച്ചടിച്ചതെന്നും ഡ്രൈവർ അവകാശപ്പെട്ടു.
യുവതികൾ ഔദ്യോഗികമായി പരാതി നൽകിയ ശേഷമേ തുടർനടപടികളിലേക്ക് കടക്കൂ എന്ന് പോലീസ് അറിയിച്ചു. പെൺകുട്ടികൾ പരാതി നൽകിയാൽ ഉടൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകാൻ തർക്കത്തിൽ ഉൾപ്പെട്ടവരുടെ കൂടുതൽ മൊഴികൾ ആവശ്യമാണെങ്കിലും, ഇതിലേക്ക് നയിച്ച കാരണങ്ങളെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്.




