Featured Sports

ഇത് ഏത് കളി..? പാക് വനിതാ ടീമിന്റെ അപൂർവ പരിശീലന വീഡിയോ പുറത്ത്; വഹാബ് റിയാസിന് ട്രോൾ മഴ!

പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലന സെഷന്റേതെന്ന പേരിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് മുൻ പാകിസ്ഥാൻ പേസറും വനിതാ ടീമിന്റെ ഹെഡ് കോച്ചും മെന്ററുമായ വഹാബ് റിയാസിനെതിരെ കടുത്ത പരിഹാസമാണ് ഉയരുന്നത്. കളിക്കാർ തികച്ചും വ്യത്യസ്തവും വിചിത്രവുമായ രീതിയിൽ പരിശീലനം നടത്തുന്നതാണ് വീഡിയോയിലുള്ളത്. എന്നാൽ ഇത് പാകിസ്ഥാൻ അണ്ടർ-19 വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലന ദൃശ്യങ്ങളാണെന്നും വാദമുണ്ട്.

വനിതാ ടീമിന്റെ പരിശീലനവും ടൂർണമെന്റ് തന്ത്രങ്ങളും രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് വഹാബ് റിയാസ് ആയതിനാലാണ് വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആരാധകർ അദ്ദേഹത്തെ ലക്ഷ്യമിട്ടത്. വീഡിയോയിൽ നാല് വനിതാ ക്രിക്കറ്റ് താരങ്ങൾ സർക്കസ് അഭ്യാസങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ പരസ്പരം കൈകാലുകളിൽ പിടിച്ച് നിൽക്കുന്നതും, മറ്റ് ടീമംഗങ്ങൾ ഇവരെ പ്രോത്സാഹിപ്പിക്കുന്നതും കാണാം.

“പാകിസ്ഥാൻ വനിതാ താരങ്ങളുടെ വിചിത്രമായ പരിശീലനം! വഹാബ് റിയാസും ആമിർ യാമീനും ടീമിനൊപ്പം ചേർന്നതിനുശേഷം ദിവസവും പുതിയ രീതിയിലുള്ള പരിശീലനങ്ങളാണ് കാണുന്നത്. ഇത് ഏതെങ്കിലും തരത്തിലുള്ള പരിശീലനമാണോ? നിങ്ങളുടെ അഭിപ്രായം കമന്റിൽ പറയൂ,” എന്ന അടിക്കുറിപ്പോടെയാണ് ഒരു ഉപയോക്താവ് വീഡിയോ പങ്കുവെച്ചത്.

എന്നാൽ ഈ പോസ്റ്റിനെതിരെ വിമർശനവുമായി മറ്റൊരു കുറിപ്പും പുറത്തുവന്നു. “ഇത് പാകിസ്ഥാൻ അണ്ടർ-19 വനിതാ ടീമാണ്. വഹാബ് റിയാസും ഉമൈദ് ആസിഫും സീനിയർ ടീമിനൊപ്പമാണ് പ്രവർത്തിക്കുന്നത്, അണ്ടർ-19 ടീം മാനേജ്‌മെന്റിന്റെ ഭാഗമല്ല. തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതിന് മുൻപ് ടീമുകളെക്കുറിച്ചും അവരുടെ സപ്പോർട്ട് സ്റ്റാഫിനെക്കുറിച്ചും മനസ്സിലാക്കുക,” എന്നായിരുന്നു ആ പോസ്റ്റിൽ വ്യക്തമാക്കിയത്. മുൻപ് പാകിസ്ഥാൻ പുരുഷ താരങ്ങളായ ബാബർ അസ മും മുഹമ്മദ് റിസ്വാനും ഇതുപോലെ വിചിത്രമായ രീതിയിൽ പരിശീലനം നടത്തുന്ന വീഡിയോയുമായും ഇതിനെ ആളുകൾ താരതമ്യം ചെയ്യുന്നുണ്ട്.