Celebrity Featured

വെടിമരുന്നില്ല, ‘ആത്മരക്ഷയ്ക്ക് മാത്രം’; CO2 എയർ പിസ്റ്റളുമായി ഖുശ്ബു പടാനി, എന്താണ് ഇതിന്റെ പ്രത്യേകത?

ബോളിവുഡ് താരം ദിഷ പടാനിയുടെ സഹോദരിയും ഫിറ്റ്നസ് പ്രേമിയുമായ ഖുഷ്ബു പടാനി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ CO₂ എയർ പിസ്റ്റളിന്റെ ചിത്രം പങ്കുവെച്ചത് വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ഗ്ലോക്ക് 17 ജെൻ 4 മാതൃകയിലുള്ള .177 എയർ പിസ്റ്റളാണ് ഖുഷ്ബു പങ്കുവെച്ചത്. ഇത് ഒരു കളിപ്പാട്ടമല്ലെന്നും സ്വയം പ്രതിരോധത്തിന് മാത്രമുള്ളതാണെന്നും, യഥാർത്ഥ തോക്കാണെങ്കിലും അല്ലെങ്കിലും ഉത്തരവാദിത്തത്തോടെയും ബുദ്ധിപൂർവ്വവും മാത്രമേ ഉപയോഗിക്കാവൂ എന്നും കാഴ്ചക്കാരുടെഅറിവിലേയ്ക്കാണ് മാത്രമാണ് ഇത് പങ്കുവെക്കുന്നതെന്നും അവർ കുറിച്ചു.

കംപ്രസ്സ് ചെയ്ത കാർബൺ ഡയോക്സൈഡ് (CO₂) കാർട്രിഡ്ജ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന തോക്കുകളാണ് CO₂ എയർ പിസ്റ്റളുകൾ. സാധാരണ തോക്കുകളിൽ വെടിമരുന്ന് ഉപയോഗിക്കുമ്പോൾ, എയർ പിസ്റ്റളുകളിൽ അമർത്തിയ വാതകമാണ് പെല്ലറ്റുകളെ പുറത്തേക്ക് പായിക്കാൻ ഉപയോഗിക്കുന്നത്.

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പരാമർശിച്ചിരിക്കുന്ന .177 കാലിബർ (4.5 മി.മീ) എയർഗണ്ണുകളിൽ പൊതുവായി ഉപയോഗിക്കുന്ന അളവാണ്. സാധാരണയായി ലക്ഷ്യം വെച്ച് പരിശീലിക്കുന്നതിനും വിനോദങ്ങൾക്കുമാണ് ഇത്തരം എയർ പിസ്റ്റളുകൾ ഉപയോഗിക്കുന്നത്. എയർഗണ്ണുകളിൽ നിന്ന് തൊടുക്കുന്ന ചെറിയ ഈയം കൊണ്ടോ മറ്റ് വസ്തുക്കൾ കൊണ്ടോ ഉണ്ടാക്കിയ വെടിയുണ്ടകളെയാണ് പെല്ലറ്റ് എന്ന് വിളിക്കുന്നത്. ഇവ കളിപ്പാട്ടങ്ങളല്ലെന്നും സുരക്ഷാ ഭീഷണിയുയർത്താൻ സാധ്യതയുള്ളവയാണെന്നും ഖുഷ്ബു മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യയിൽ ഇത്തരം എയർ പിസ്റ്റളുകൾക്ക് ലൈസൻസ് ആവശ്യമുണ്ടോ എന്നത് അവയുടെ ശേഷിയെയും കാലിബറിനെയും ആശ്രയിച്ചിരിക്കുന്നു. കുറഞ്ഞ ശേഷിയുള്ള ചില എയർ തോക്കുകൾക്ക് ലൈസൻസ് ആവശ്യമില്ലെങ്കിലും ചിലതിന് നിയമപരമായ അനുമതികൾ ആവശ്യമാണ്. ഭാരം കുറവായതിനാൽ എളുപ്പത്തിൽ കൊണ്ടുനടക്കാമെന്നും സ്വയം പ്രതിരോധത്തിന് അനുയോജ്യമാണെന്നും പറഞ്ഞ ഖുഷ്ബു, ഇത് കൈകാര്യം ചെയ്യുന്നതിന് മുൻപ് ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് കൃത്യമായ പരിശീലനം നേടിയിരിക്കണമെന്നും ഓർമ്മിപ്പിക്കുന്നു.

ഇത്തരത്തിലുള്ള എയർ പിസ്റ്റളുകൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും മുൻപ് നിർമ്മാതാക്കളുടെ സുരക്ഷാ നിർദ്ദേശങ്ങളും രാജ്യത്തെ നിയമങ്ങളും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.