ന്യൂഡൽഹി: പൊതുസ്ഥലത്തുവച്ച് തന്റെ വിഡിയോ ചിത്രീകരിച്ച യുവാവിന്റെ മുഖത്തടിച്ച് ഡൽഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി പർവേഷ് വർമ. തടയാൻ ശ്രമിക്കുന്നതിനിടെ മന്ത്രി യുവാവിന്റെ മൊബൈൽ ഫോൺ തട്ടിമാറ്റുകയും ചെയ്തു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ഇതിനുപിന്നാലെ യുവാവും മന്ത്രിയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായെങ്കിലും സുരക്ഷാ ജീവനക്കാർ ഇടപെട്ട് ഇരുവരേയും പിടിച്ചുമാറ്റുകയായിരുന്നു.
പശ്ചിമ ഡൽഹിയിലെ തിലക് നഗറിൽ റോഡ് പരിശോധനയ്ക്കായി മന്ത്രി എത്തിയപ്പോഴാണ് സംഭവം നടന്നത്. അവിടെവച്ച് നിർമാണത്തിന്റെ ഗുണനിലവാരം കുറവാണെന്ന് ആരോപിച്ച് എഎപി നേതാവും തിലക് നഗർ എംഎൽഎയുമായ ജർനൈൽ സിങ്ങും മന്ത്രിയും തമ്മിൽ വാഗ്വാദമുണ്ടായി. റോഡ് മോശം രീതിയിലാണ് നിർമിച്ചിരിക്കുന്നതെന്ന് കാട്ടി റോഡിന്റെ ടാർ കൈകൾ കൊണ്ട് എംഎൽഎ ഇളക്കിമാറ്റി കാണിക്കുകയും ചെയ്തു.
ഇതിനെത്തുടർന്ന് ഇരുവർക്കുമിടയിൽ തർക്കം രൂക്ഷമായി. പൊളിച്ചു കാണിക്കാൻ പറഞ്ഞ റോഡ് താൻ പൊളിച്ചു കാണിച്ചുവെന്നും ഇനി എന്താണ് പറയാനുള്ളതെന്നും എംഎൽഎ മന്ത്രിയോട് ചോദിച്ചു. എന്നാൽ തെറ്റായ രീതിയിൽ സംസാരിക്കരുതെന്ന് മന്ത്രി മറുപടി നൽകി. 15 വർഷമായി ഇവിടെ റോഡ് നിർമിച്ചിട്ടില്ലെന്നും ഇപ്പോൾ അത് ചെയ്യാൻ ശ്രമിക്കുമ്പോൾ തടസ്സപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞപ്പോൾ, ഇത്തരം ഗുണനിലവാരമില്ലാത്ത റോഡുകൾ 15 മണിക്കൂർ പോലും നിലനിൽക്കില്ലെന്ന് എംഎൽഎ തിരിച്ചടിച്ചു.
തുടർന്ന് അടർന്നുവന്ന റോഡിന്റെ ഭാഗവുമായി എംഎൽഎ വീണ്ടും മന്ത്രിയുടെ അടുത്തേക്ക് ചെന്നു. ഈ സമയം എഎപി എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റായ സാഹിബ് സിങ് ഈ രംഗങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. ഇതിൽ പ്രകോപിതനായ മന്ത്രി സാഹിബ് സിങ്ങിന്റെ മുഖത്തടിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ പിന്നീട് എംഎൽഎ ജർനൈൽ സിങ് തന്റെ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടു.
മന്ത്രിക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് സാഹിബ് സിങ് വ്യക്തമാക്കി. എംഎൽഎയുടെ സോഷ്യൽ മീഡിയ പേജിൽ ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് പർവേഷ് വർമ ഫോൺ തട്ടിപ്പറിക്കുകയും തല്ലുകയും ചെയ്തതെന്നും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ തള്ളിയിട്ട് കയ്യേറ്റത്തിന് മുതിർന്നെന്നും സാഹിബ് ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്നും പൊലീസിന്റെ തുടർനടപടികൾ നോക്കി ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു.
ഡൽഹിയിലെ ബിജെപി സർക്കാരിലെ മന്ത്രിയുടെ അഴിമതികൾ പുറത്തുവന്നപ്പോഴാണ് സഹപ്രവർത്തകനു നേരെ കയ്യാങ്കളിയുണ്ടായതെന്ന് എംഎൽഎ ആരോപിച്ചു. സംഭവത്തിന്റെ വിഡിയോ പങ്കുവെച്ച ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, മന്ത്രി പർവേഷ് വർമ എത്രയും വേഗം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.




