Celebrity Movie News

“തകർന്ന കുടുംബം ഞാൻ വീണ്ടും തകർക്കേണ്ടതില്ല”: ഗോവിന്ദയുമായുള്ള ഗോസിപ്പുകളിൽ പൊട്ടിത്തെറിച്ച് നടി

ബോളിവുഡ് താരം ഗോവിന്ദയുമായുള്ള പ്രണയവാർത്തകളോടും അദ്ദേഹത്തിന്റെ ഭാര്യ സുനിത അഹൂജ തനിക്കെതിരെ നടത്തിയ ആരോപണങ്ങളോടും പ്രതികരിച്ച് കോമൾ റാണി സ്വർണ്ണകാർ. ഗോവിന്ദയുടെയും സുനിതയുടെയും കുടുംബജീവിതം തകർത്തത് താനാണെന്ന ആരോപണങ്ങൾ കോമൾ പൂർണ്ണമായി തള്ളി .

സ്വന്തം ഭർത്താവിനെ വർഷങ്ങളായി കൊലപ്പെടുത്താൻ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ ശാപം ആർക്കും ഏൽക്കില്ലെന്ന് കോമൾ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. നേരത്തെ തന്നെ തകർന്നൊരു കുടുംബത്തെ തകർക്കാൻ മറ്റാർക്കും സാധിക്കില്ലെന്നും, ആരോ പറഞ്ഞത് കേട്ട് കാക്ക ചെവി കൊണ്ടുപോയെന്ന് വിശ്വസിക്കുന്നവരും കാക്കയുടെ പുറകെ ഓടുന്നവരുമല്ല നമ്മുടെ നാട്ടിലെ ആളുകളെന്നും അവർ പറഞ്ഞു.

വേദനകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന് പകരം അത് പരസ്യമായി കാണിക്കാൻ സുനിത ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് കോമൾ ചോദ്യമുന്നയിച്ചു. ഇതൊരു വേദനയാണോ അതോ കൃത്യമായി പ്ലാൻ ചെയ്ത ഗൂഢാലോചനയാണോ എന്ന് അവർ ചോദിക്കുന്നു. ഒരു പുരുഷനെ മാനസികമായി പീഡിപ്പിക്കുക, ജോലി ചെയ്യുന്നതിൽ നിന്ന് തടയുക, വീട്ടിലിരുത്തി നശിപ്പിക്കുക, ഒറ്റപ്പെടുത്തി മരണത്തിലേക്ക് തള്ളിവിടുക എന്നതൊക്കെയാണോ ലക്ഷ്യമെന്നും അവർ കുറിച്ചു. സ്നേഹമുള്ള ഒരു ഭാര്യയും ഭർത്താവിനോട് ഇങ്ങനെ പെരുമാറില്ലെന്നും അവർ കൂട്ടിച്ചേർത്തു. അജണ്ടകൾ നടപ്പിലാക്കാൻ തന്റെ പേര് ഉപയോഗിക്കരുതെന്ന് സുനിതയോട് ആവശ്യപ്പെട്ട കോമൾ, ഇത്തരം കപടതന്ത്രങ്ങൾ മെനയുന്ന സ്ത്രീകളിൽ നിന്ന് ദൈവം ഓരോ നല്ല പുരുഷനെയും സംരക്ഷിക്കട്ടെയെന്നും പറഞ്ഞു.

‘രൂപ’ എന്ന സിനിമയിലെ സഹതാരമായ കോമൾ റാണി സ്വർണ്ണകാറുമായി ചേർത്ത് ഗോവിന്ദയുടെ പേരിൽ ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത് ഇരുവരും മുംബൈ വിമാനത്താവളത്തിൽ ഒന്നിച്ചെത്തിയതോടെയാണ്. പിന്നീട് മുംബൈയിലെ ലാൽബാഗ്ചാ രാജ സന്ദർശനം ഉൾപ്പെടെ നിരവധി ചടങ്ങുകളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. 1987-ൽ വിവാഹിതരായ ഗോവിന്ദയ്ക്കും സുനിത അഹൂജയ്ക്കും ടീന അഹൂജ, യഷവർദ്ധൻ അഹൂജ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.