ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ, ഒരു കേസിന്റെ വാദം കേൾക്കലിന് തൊട്ടുപിന്നാലെ കുടുംബ കോടതി വളപ്പിൽ വെച്ച് യുവതിയും ഭർത്താവും തമ്മിൽ ഏറ്റുമുട്ടി. ഇരുഭാഗത്തെയും ബന്ധുക്കൾ ഉൾപ്പെട്ട ഈ സംഭവം വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ കേസെടുക്കുകയും രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു.
മഹാരാജ്ഗഞ്ച് ജില്ലാ ആസ്ഥാനത്തുള്ള കുടുംബ കോടതിയിലാണ് ജീവനാംശ തർക്കവുമായി ബന്ധപ്പെട്ട് ദമ്പതികൾ എത്തിയത്. ഉച്ചയ്ക്ക് രണ്ടിഓടെ നടന്ന വാദം കേൾക്കലിൽ പ്രിയ ത്രിപാഠിയുടെ പിതാവ് ലക്ഷ്മികാന്ത് മൊഴി നൽകാൻ ഹാജരായിരുന്നു. നടപടികൾ പൂർത്തിയായി പ്രിയയും സഹോദരി പ്രിയങ്കയും പിതാവും കോർട്ട് റൂമിന് പുറത്തുവന്ന് താഴത്തെ നിലയിലെ ഹാളിൽ എത്തിയപ്പോൾ വാക്കുതർക്കം ഉണ്ടാകുകയും അത് കൈയേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. സമർധിര നിവാസിയായ പ്രിയയും കൊയ്ലാദദ് നിവാസിയായ മനീഷ് കുമാർ മിശ്രയും തമ്മിൽ കുറച്ചുകാലമായി കുടുംബ തർക്കം നിലനിൽക്കുന്നുണ്ട്.
മനീഷ് തൻ്റെ മുടിയിൽ പിടിച്ച് വലിക്കുകയും ആക്രമിക്കുകയും ചെയ്തതായി പ്രിയ നൽകിയ പരാതിയിൽ പറയുന്നു. തന്ന തല്ലി നിലത്തിടുകയും ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി അവർ ആരോപിച്ചു. തടയാൻ ശ്രമിച്ച പിതാവിനും സഹോദരിക്കും നേരെയും ആക്രമണമുണ്ടായി. ഇതോടെ ഇരുഭാഗത്തുമുള്ള ആളുകൾ തമ്മിൽ വലിയ സംഘർഷമായി മാറുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ പിന്നീട് പുറത്തുവന്നു. പ്രിയയെ ആക്രമിച്ചതിന് ശേഷം കൂടെയുണ്ടായിരുന്നയാൾ മനീഷിനെ തല്ലുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ഇരുവിഭാഗവും തമ്മിൽ പരസ്പരം മർദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് കോടതി സമുച്ചയത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
കേസുമായി മുന്നോട്ട് പോയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രിയ ആരോപിക്കുന്നുണ്ട്. തുടർന്ന് കോട്വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായും അന്വേഷണം നടന്നു വരികയാണെന്നും കോട്വാലി മഹാരാജ്ഗഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ ധർമേന്ദ്ര സിംഗ് അറിയിച്ചു. ഈ സംഘർഷം ദമ്പതികൾ തമ്മിലുള്ള കുടുംബ തർക്കത്തിന് കൂടുതൽ സങ്കീർണ്ണത സൃഷ്ടിച്ചിട്ടുണ്ട്. വിഡിയോയും പോലീസ് പരിശോധിച്ചു വരികയാണ്.




