ബ്രസീലിലെ സാവോ പോളോ നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള സാർദിം റിൻകാവോ എന്ന പ്രദേശത്താണ് ലാറിസ വളർന്നത്. കൂട്ടുകാരോടൊപ്പം ചുറ്റിക്കറങ്ങാനും പാർട്ടികളിൽ പങ്കെടുക്കാനും ഇഷ്ടപ്പെട്ടിരുന്ന ഒരു ബാല്യമായിരുന്നു അവളുടേത്. കൗമാരം പിന്നിട്ടതോടെ നഗരത്തിലെ നൈറ്റ് ക്ലബ്ബുകളിൽ അവൾ ജോലി ചെയ്യാൻ തുടങ്ങി. തുടർന്ന് ബ്രസീലിൽ അവസരങ്ങൾ കുറവായതുകൊണ്ട് 2023-ൽ, തന്റെ 22-ാം വയസ്സിൽ, അവൾ യൂറോപ്പിലേക്ക് ചേക്കേറാന് ശ്രമിച്ചു. അങ്ങനെ ഫ്രാൻസിൽ നിന്ന് ലഭിച്ച ഒരു ജോലി വാഗ്ദാനം അവൾ പെട്ടെന്ന് തന്നെ സ്വീകരിച്ചു. അവൾ ഫ്രാൻസിലിലെത്തി.
തെക്കൻ ഫ്രാൻസിലെ ഫ്രഞ്ച് റിവിയേറയിലാണ് ലാറിസ താമസമാക്കിയത്. അവിടെ മോഡലിങ് കരാറുകൾ ലഭിച്ചതോടെ അവൾക്ക് പുതിയ സൗഹൃദങ്ങളും ഉണ്ടായി. ഇതിനിടെ അവൾ തന്നേക്കാൾ നാല് വയസ്സിന് മൂത്ത മാത്യുവിനെ കണ്ടുമുട്ടി. അവർ പരസ്പരം പ്രണയത്തിലാവുകയും അഞ്ച് മാസത്തോളം ഒന്നിച്ചു ജീവിക്കുകയും ചെയ്തു. എന്നാൽ പിന്നീട് അവർ വേർപിരിഞ്ഞു. ഈ വേർപിരിയൽ അംഗീകരിക്കാൻ മാത്യുവിനായില്ല. ലാറിസയുടെ അമ്മയുടെ പറയുന്നതനുസരിച്ച്, അവൻ ലാറിസയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. എന്നാൽ ഇതവഗണിച്ച് മുന്നോട്ട് പോയ ലാറിസ മറ്റൊരു വ്യക്തിയെ കണ്ടുമുട്ടുകയും രണ്ടു വർഷത്തിലേറെയായി അദ്ദേഹത്തോടൊപ്പം കഴിയുകയുമായിരുന്നു.
എന്നാൽ സെപ്റ്റംബർ 21 തിങ്കളാഴ്ച അവളുടേ ജീവിതത്തിലെ ദാരുണമായ ആ സംഭവം നടന്നു. മാത്യു വീണ്ടും ലാറിസയുടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്ന വിവരമറിഞ്ഞതിന് പിന്നാലെ മകളെക്കുറിച്ച് വിവരമൊന്നുമില്ലാതായതോടെ ആശങ്കയിലായ അമ്മ ലിലിയൻ ബ്രിട്ടോ നൊഗേര ബ്രസീലിയൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇത്രയും സമയം മകളോട് സംസാരിക്കാതിരിക്കുന്ന ശീലം അമ്മയ്ക്കില്ലായിരുന്നു. മണിക്കൂറുകൾക്ക് ശേഷം, ബ്രിഗ്നോൾസിന് സമീപമുള്ള എ-8 മോട്ടോർവേയിലെ കംബാരറ്റ് നോർഡ് വിശ്രമകേന്ദ്രത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ടായിരുന്ന മൃതദേഹം, മാത്യുവിന്റെ കാറിന്റെ പിൻസീറ്റിൽ വസ്ത്രങ്ങൾ നിറച്ച പ്ലാസ്റ്റിക് കവറുകൾക്ക് അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇയാളെ പൊലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.
കുറ്റകൃത്യ സംഘങ്ങളുമായി ഇയാൾക്കുള്ള ബന്ധം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ലാറിസ ബന്ധം ഉപേക്ഷിച്ചതെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബന്ധം വേർപിരിഞ്ഞത് ഇയാൾക്ക് സ്വീകരിക്കാനായില്ല. “അവൻ അവളോട് അക്രമസ്വഭാവം കാണിച്ചിരുന്നു, അതുകൊണ്ട് ബന്ധം തുടരാൻ അവൾ ആഗ്രഹിച്ചില്ല. എന്നാൽ വേർപിരിയൽ അംഗീകരിക്കാൻ അവൻ തയ്യാറായില്ല,” അമ്മ ലിലിയൻ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ഇയാൾ സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും മകളെ ദിവസവും ശല്യം ചെയ്തിരുന്നതായും വധഭീഷണി മുഴക്കിയിരുന്നതായും അമ്മ വെളിപ്പെടുത്തി.
സമീപകാലത്ത് അവൾ താമസിക്കുന്ന സ്ഥലം ഇയാൾ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ച നൈസിലെത്തിയ ഇയാൾ ലാറിസയുടെ വസ്തുവകകൾ മോഷ്ടിച്ചെന്നും, പിന്നീട് സമവായത്തിനെന്ന വ്യാജേന തിരികെ വന്നതാണെന്നും ലിലിയൻ വ്യക്തമാക്കുന്നു.
തിങ്കളാഴ്ച, തലേദിവസം മുതൽ മകളെക്കുറിച്ച് വിവരമൊന്നുമില്ലാതിരുന്നതിനെ തുടർന്ന് ലിലിയൻ മാത്യുവിനെ ഫോണിൽ ബന്ധപ്പെട്ടു. “എന്റെ മകൾ എവിടെയാണ്? അവൾക്ക് എന്ത് പറ്റി?” എന്ന് അമ്മ ചോദിച്ചു. “എന്റെ നെഞ്ച് പടപടാ ഇടിക്കുകയാണ്, ഇത്രയും നേരം ഞാൻ അവളോട് സംസാരിക്കാതിരുന്നിട്ടില്ല,” എന്നും അമ്മ പറഞ്ഞു. എന്നാൽ ഇയാൾ അമ്മയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടർന്ന് സാവോ പോളോയിലെ പൊലീസ് സ്റ്റേഷനിലെത്തി ലിലിയൻ പരാതി നൽകി. അതേസമയം ഫ്രാൻസിലെ നൈസിൽ, ലാറിസയുടെ നിലവിലെ പങ്കാളിയും ആശങ്കകളുമായി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ലാറിസയുടെ വീട്ടിൽ പോയെങ്കിലും വാതിൽ തുറന്നില്ലെന്നും, ഒരാൾ സാധനങ്ങളുമായി അവിടെനിന്ന് പോകുന്നത് കണ്ടെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു.
മണിക്കൂറുകൾക്ക് ശേഷമാണ് 29-കാരനായ മാത്യുവിന്റെ കാറിൽ നിന്ന് ലാറിസയുടെ മൃതദേഹം കണ്ടെത്തുന്നത്. മുൻപും നിയമലംഘനങ്ങൾക്കും ലഹരിമരുന്ന് കേസുകൾക്കും ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾ പൊലീസിന്റെ സ്ഥിരം ക്രിമിനൽ പട്ടികയിലുള്ളയാളാണ്.
മരണത്തിന് മുൻപുള്ള അവസാന മണിക്കൂറുകളിൽ സംഭവിച്ചത് എന്താണെന്ന് വ്യക്തമാകാൻ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. കേസിലെ അന്വേഷണം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ലാരിസയുടെ കുടുംബവുമായും ബന്ധപ്പെടുന്നുണ്ടെന്നും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും ബ്രസീലിയൻ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.




