Featured Good News

ട്രാഫിക് ബ്ലോക്കില്‍ ഇനി പെടില്ല! മണിക്കൂറിൽ 70 കി.മീ വേഗതയിൽ പറക്കാൻ ഇതാ ഒരു തകർപ്പൻ ‘ഹാക്ക്’! വീഡിയോ

മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കിന് പേരുകേട്ട നഗരമാണ് ബെംഗളൂരു. എന്നാൽ ഇതിൽ നിന്ന് രക്ഷപ്പെടാൻ പുതിയ വഴികൾ കണ്ടെത്താനും ഇവിടെയുള്ള ആളുകൾക്ക് അറിയാം. അത്തരത്തിലൊന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ദിനംപ്രതിയുള്ള യാത്രകൾക്കായി ഇലക്ട്രിക് യൂണിസൈക്കിളുകൾ (Electric Unicycles) ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണ് ബെംഗളൂരുവിലെ ചിലർ. ഒറ്റച്ചക്രമുള്ള, സ്വയം സന്തുലിതാവസ്ഥ പാലിക്കുന്ന ഒരു വാഹനമാണിത്. കുറഞ്ഞ സ്ഥലം മാത്രം ആവശ്യമുള്ളതിനാൽ തന്നെ വലിയ റോഡ് ബ്ലോക്കുകളിൽ പെടാതെ പെട്ടെന്ന് യാത്ര ചെയ്യാൻ ഇത് സഹായിക്കും.

യാത്രാ വ്ലോഗറായ ഷെനാസ് ട്രഷറിയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ഈ വേറിട്ട യാത്രാരീതിയെക്കുറിച്ച് ആളുകളിലേക്ക് എത്തിച്ചത്. ഇത് എത്ര വേഗതയിൽ പോകും എന്ന് ഷെനാസ് ചോദിച്ചപ്പോൾ, മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത ലഭിക്കുമെന്ന് യാത്രക്കാരിൽ ഒരാൾ മറുപടി നൽകി. വീട്ടിൽ നിന്ന് ഓഫീസിലേക്കും മെട്രോ സ്റ്റേഷനുകളിലേക്കും പോകാൻ ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ട്. മെട്രോയിൽ ഇത് കൈയിൽ കരുതാനും എളുപ്പമാണ്. ചിലർ ഇത് ഉപയോഗിച്ച് ഇന്ത്യയിലുടനീളം യാത്ര ചെയ്തിട്ടുണ്ടെന്നും അവർ പറയുന്നു.

ചെളിനിറഞ്ഞ വഴികളിലും മലനിരകളിലും ബീച്ചുകളിലും കോണിപ്പടികളിലും വരെ ഇത് ഓടിക്കാറുണ്ടെന്ന് മറ്റൊരു യാത്രക്കാരൻ പറഞ്ഞു. 50,000 രൂപ മുതൽ 3.5 ലക്ഷം രൂപ വരെയാണ് ഇവയുടെ വില. ഞായറാഴ്ചകളിൽ ആളുകളെ ഇത് ഓടിക്കാൻ പഠിപ്പിക്കുന്ന ഒരു കൂട്ടായ്മയും ഇവർക്കുണ്ട്. 5 വയസ്സുള്ള കുട്ടികൾ മുതൽ 70 വയസ്സുള്ള മുതിർന്നവർ വരെ ഇത് ഉപയോഗിക്കുന്നുണ്ട് എന്നത് ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

ട്രാഫിക്കും പാർക്കിംഗ് പ്രശ്നങ്ങളും ഇന്ധനച്ചെലവുമില്ലാതെ യാത്ര ചെയ്യാനുള്ള ഒരു പുതിയ രീതിയാണിതെന്ന് ഷെനാസ് വീഡിയോയുടെ അടിക്കുറിപ്പിൽ കുറിച്ചു. എന്നാൽ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് വ്യത്യസ്ത അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്.

ഇത് ഓടിക്കുന്നത് വളരെ രസകരമാണെങ്കിലും റോഡിലെ ചെറിയൊരു കുഴി മതി വലിയ അപകടമുണ്ടാകാൻ എന്ന് ഒരാൾ കുറിച്ചു. ദുബായിലും അബുദാബിയിലും ഇത് സർവ്വസാധാരണമാണെന്നും എന്നാൽ അവിടെ ഇതിനായി പ്രത്യേക ട്രാക്കുകൾ ഉണ്ടെന്നും മറ്റൊരു വ്യക്തി കമന്റ് ചെയ്തു. അപകടങ്ങൾ ഉണ്ടായാൽ വൻതുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും അതിനായി കർശന നിയമങ്ങളുള്ള രാജ്യങ്ങൾ ഉണ്ടെന്നും ചിലർ ചൂണ്ടിക്കാണിച്ചു. മികച്ച റൈഡിംഗ് നൈപുണ്യമുണ്ടെങ്കിൽ ബെംഗളൂരുവിലെ ട്രാഫിക്കിൽ ഇതും ഒരു കൈ നോക്കാവുന്നതാണ്.