Crime

ഫാംഹൗസിലെത്തിച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പൊലീസുകാരും രണ്ട് സൈനികരും പിടിയിൽ

അമ്പലത്തിൽ എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയ യുവതിയെ ഫാം ഹൗസിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പോലീസുകാരും രണ്ട് സൈനികരും അറസ്റ്റിലായി. മുസാഫർ നഗറിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനായ മോഹിതിനെ കാണാൻ എത്തിയതായിരുന്നു യുവതി. ഇവിടെവച്ച് അമ്രോഹയിലെ ക്ഷേത്രത്തിൽ പോയി വരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതികൾ യുവതിയെ കാറിൽ കയറ്റി ഫാംഹൗസിൽ എത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.

ഫത്തേബാദ് സ്വദേശിയായ യുവതി സെപ്റ്റംബർ 20-നാണ് മോഹിതിനെ കാണാനായി പുറപ്പെട്ടത്. സെപ്റ്റംബർ 21-ന് സോനിപത്തിലെത്തി ഇരുവരും കണ്ടുമുട്ടുകയും പിന്നീട് മീററ്റിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. യാത്രാമധ്യേ സി.ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിളായ ലാൽറാം യാദവും ഇവരോടൊപ്പം ചേർന്നു. തുടർന്ന് സെപ്റ്റംബർ 22-ന് ക്ഷേത്രദർശനം നടത്താമെന്ന് പറഞ്ഞ് മോഹിത് യുവതിയെയും കൂട്ടി കാറിൽ യാത്രയായി. വഴിയിൽ വച്ച് യു.പി പോലീസ് എസ്.ഐ സഞ്ജയ് തോമാറിനെയും കാറിൽ കയറ്റുകയായിരുന്നു. ശേഷം അത്രസി-ഹസൻപൂർ റോഡിലുള്ള ഫാം ഹൗസിൽ എത്തി രണ്ട് മുറികൾ എടുത്ത സംഘം, ഭക്ഷണവും മദ്യവും സജ്ജമാക്കുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കുന്നു.

മദ്യപിച്ചതിന് ശേഷം ആദ്യം മോഹിത്, യാദവ്, തോമാർ എന്നിവർ ചേർന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി മൊഴി നൽകി. പിന്നീട് പ്രമോദ് എന്ന പോലീസുകാരൻ കൂടി ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും ഇയാളെ തട്ടിമാറ്റി മുറി പൂട്ടി പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരമറിയിച്ചാണ് യുവതി ഫാം ഹൗസിൽ നിന്നും രക്ഷപ്പെട്ടത്. സ്ഥലത്തെത്തിയ പോലീസ് യുവതിക്ക് സുരക്ഷയൊരുക്കുകയും കേസിൽ ഉൾപ്പെട്ട നാല് പ്രതികളെയും ഉടൻതന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കേസിൽ അറസ്റ്റിലായ യു.പി പോലീസ് എസ്.ഐ സഞ്ജയ് തോമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ക്രൂരകൃത്യം ചെയ്ത സി.ആർ.പി.എഫ് ജവാന്മാർക്കെതിരെ ശക്തമായ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഉത്തരാഖണ്ഡിലെ ഒരു എം.എൽ.എയുടെ ഉടമസ്ഥതയിലുള്ളതാണ് സംഭവം നടന്ന ഫാം ഹൗസ് എന്നും ഇതിന്റെ നടത്തിപ്പുകാരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഇത് പോലീസ് സേനയ്ക്കും സൈന്യത്തിനും തീരാക്കളങ്കമാണെന്നും കുറ്റവാളികൾക്ക് അർഹമായ കഠിനശിക്ഷ ഉറപ്പാക്കണമെന്നും എക്സിൽ കുറിച്ചു.