Featured Sports

കൊച്ചിയെ ഇളക്കിമറിച്ച് സാംബാ മാജിക്: ലെജൻഡ്‌സിനോട് ‘കട്ടയ്ക്കു’ പിടിച്ച് ഇന്ത്യ സ്‌റ്റാര്‍സ്‌; ബ്രസീലിന് (4–3 ) ജയം

കൊച്ചിയിൽ ആവേശം വിതറിയ മത്സരത്തിൽ ഇന്ത്യ ഓൾ സ്റ്റാർസ് ഇലവനെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്രസീൽ ലെജൻഡ്സ്. റൊണാൾഡീഞ്ഞോയും റിവാൾഡോയും ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ അണിനിരന്ന മത്സരത്തിൽ ഹാട്രിക് നേടിയ ഫെർണാണ്ടീഞ്ഞോയാണ് ബ്രസീലിന്റെ വിജയം ഉറപ്പാക്കിയത്. പരാജയപ്പെട്ടെങ്കിലും ഇരട്ട ഗോളുകൾ നേടിയ മലയാളി താരം സി.കെ. വിനീത് ഇന്ത്യയ്ക്കായി തിളങ്ങി. അഷിം ബിശ്വാസാണ് ഇന്ത്യയുടെ മൂന്നാം ഗോൾ കണ്ടെത്തിയത്.

തുടക്കം മുതൽ ബ്രസീലിയൻ താരങ്ങൾ തുടർച്ചയായി ഇന്ത്യൻ ഗോൾമുഖം ആക്രമിച്ചെങ്കിലും 13-ാം മിനിറ്റിൽ ഇന്ത്യയാണ് ആദ്യ ഗോൾ നേടിയത്. മധ്യനിരയിൽ നിന്ന് ലഭിച്ച പന്തുമായി തനിയെ മുന്നേറിയ വിനീത് ബ്രസീലിയൻ ഗോളി ഗോമസിനെ മറികടന്ന് പന്ത് വലയിലാക്കുകയായിരുന്നു. എന്നാൽ 21-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ച് റൊണാൾഡീഞ്ഞോ ബ്രസീലിനെ ഒപ്പമെത്തിച്ചു. തൊട്ടുപിന്നാലെ റൊണാൾഡീഞ്ഞോയുടെയും കമെൻഡൂസിയയുടെയും പാസുകളിൽ നിന്ന് ഫെർണാണ്ടീഞ്ഞോ രണ്ട് ഗോളുകൾ കൂടി നേടി ബ്രസീലിന് വ്യക്തമായ ലീഡ് നൽകി.

രണ്ടാം പകുതിയിൽ റിക്കാർഡോ ഒളിവേരയുടെ പാസിൽ നിന്ന് ഫെർണാണ്ടീഞ്ഞോ ഹാട്രിക് തികച്ചതോടെ ബ്രസീൽ 4-1ന് മുന്നിലെത്തി. തുടർന്ന് കളിയിൽ ബ്രസീൽ ആധിപത്യം പുലർത്തിയെങ്കിലും അവസാന നിമിഷങ്ങളിൽ ഇന്ത്യ ശക്തമായി തിരിച്ചുവന്നു. ഹർമൻജോത് സിങ് ഖബ്രയുടെ ക്രോസ് ഹെഡറിലൂടെ വലയിലാക്കി വിനീത് ഇന്ത്യയുടെ രണ്ടാം ഗോൾ നേടി. കളിയുടെ അവസാന നിമിഷത്തിൽ സ്റ്റീവൻ ഡയസിന്റെ ക്രോസിൽ നിന്ന് അഷിം ബിശ്വാസ് മൂന്നാം ഗോളും കണ്ടെത്തിയതോടെ പോരാട്ടം 4-3 എന്ന നിലയിൽ അവസാനിച്ചു.