Oddly News

21 കുപ്പി മദ്യവുമായി പിടിയില്‍; ഒരു പുല്ലുമില്ല! കൂളായി ചിരിച്ച് പോസ് ചെയ്ത് പ്രതികൾ!

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ മദ്യം പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ രണ്ട് വ്യക്തികളുടെ ചിത്രങ്ങൾ അവരുടെ വേറിട്ട ഭാവങ്ങൾ കാരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബോണ്ടിയാൽഗാം ക്രോസിംഗിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് 21 കുപ്പി മദ്യവുമായി ഇവർ പിടിയിലായത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അനന്ത്നാഗ് പൊലീസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. എക്സൈസ് ആക്ട് അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത വിവരം അറിയിക്കാൻ പങ്കുവെച്ച ചിത്രമാണ് ആളുകളുടെ ശ്രദ്ധ കവർന്നത്.

കേസ് വിവരങ്ങൾ എഴുതിയ പേപ്പറുമായി നില്ക്കുന്ന പ്രതികൾ രണ്ടുപേരും ക്യാമറയിലേക്ക് നോക്കി തികച്ചും സന്തോഷത്തോടെ പുഞ്ചിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഗൗരവമേറിയ ഒരു അറസ്റ്റ് നടക്കുമ്പോൾ എടുത്ത ഫോട്ടോയിലെ ഈ അപ്രതീക്ഷിത ചിരിയാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്.

ഇതുകണ്ട് നിരവധിയാളുകളാണ് തമാശരൂപേണയുള്ള കമന്റുകളുമായി രംഗത്തെത്തിയത്. അടുത്തിടെ കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷവാന്മാരായ ആളുകളാണ് ഇവരെന്ന് ചിലർ കുറിച്ചപ്പോൾ, ഇനിയും മദ്യം എവിടെയെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും, അതുകൊണ്ടാണ് ഈ ചിരിയെന്ന് മറ്റുചിലർ തമാശ രൂപേണ പങ്കുവെച്ചു. പെട്ടെന്ന് ഇന്റർനെറ്റിൽ പ്രശസ്തരായതിന്റെ സന്തോഷമാണ് ഇവരുടെ മുഖത്തെന്നാണ് കൂടുതൽ ആളുകളുടെയും വിലയിരുത്തൽ.