Featured Good News

അനിയത്തിയുടെ കണ്ണ് ശസ്ത്രക്രിയയ്ക്കായി സഹായം തേടി കൗമാരക്കാരൻ; ഒറ്റ ദിവസം കൊണ്ട് 1.58 ലക്ഷം സമാഹരിച്ച് സോഷ്യൽ മീഡിയ

12 കാരിയായ അനിയത്തിയുടെ കണ്ണ് ശസ്ത്രക്രിയയ്ക്കായി സാമ്പത്തിക സഹായം അഭ്യർത്ഥിച്ചുകൊണ്ട് 16 കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിന് വൻ പിന്തുണ. സുമനസ്സുകളായ അപരിചിതരുടെ ഇടപെടലിലൂടെ വെറും 24 മണിക്കൂറിനുള്ളിൽ 1.5 ലക്ഷത്തിലധികം രൂപയാണ് സഹായമായി ലഭിച്ചത്. അനിയത്തിയുടെ കാഴ്ചശക്തി നഷ്ടപ്പെടാതിരിക്കാൻ സാധിക്കുന്നത്ര തുക നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ജയ് സിംഗ് റാത്തോഡ് എന്ന കൗമാരക്കാരനാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്.

കുറച്ചു മാസങ്ങൾക്ക് മുൻപാണ് അനിയത്തിയുടെ കാഴ്ചശക്തി കുറഞ്ഞു തുടങ്ങിയതെന്ന് ജയ് സിംഗ് പറഞ്ഞു. ഡൽഹിയിലെ ഡോ. ഷ്രോഫ്സ് ഐ ഹോസ്പിറ്റലിൽ നടത്തിയ പരിശോധനയിൽ ഗ്ലോക്കോമയും, കണ്ണിലെ രക്തസ്രാവം മൂലമുണ്ടാകുന്ന വിട്രിയസ് ഹെമറേജുമാണ് രോഗമെന്ന് തിരിച്ചറിഞ്ഞു. ചികിത്സയ്ക്കായി കുടുംബം ഇതിനോടകം 2.5 ലക്ഷം രൂപയോളം ചെലവാക്കിയിരുന്നു. ഇനി നടക്കാനിരിക്കുന്ന ശസ്ത്രക്രിയയ്ക്കായി 1.2 ലക്ഷം രൂപ കൂടി ആവശ്യമായിരുന്നു. സമ്പാദ്യത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും 50,000 രൂപ സംഘടിപ്പിച്ചെങ്കിലും 73,000 രൂപ കൂടി തികയാനുണ്ടായിരുന്നു.

കോവിഡ് കാലത്താണ് ഇവരുടെ അമ്മ മരിച്ചത്. നിലവിൽ അച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് ഇവർ കഴിയുന്നത്. കർഷകനായ അച്ഛൻ മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം. സാമ്പത്തിക സഹായം ചോദിക്കാൻ നാണക്കേടുണ്ടെങ്കിലും അനിയത്തിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണെന്ന് ജയ് പോസ്റ്റിൽ കുറിച്ചിരുന്നു. വലുതല്ലാത്ത തുകയോ അല്ലെങ്കിൽ ചെറിയ സഹായങ്ങളോ നൽകണമെന്നും, പണം നൽകാൻ കഴിയാത്തവർ പോസ്റ്റ് പങ്കുവെച്ച് സഹായിക്കണമെന്നും അവൻ അഭ്യർത്ഥിച്ചു.

കുറിപ്പ് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. വെറും 24 മണിക്കൂറിനുള്ളിൽ 1,58,282 രൂപയാണ് അക്കൗണ്ടിലേക്ക് എത്തിയത്. ആവശ്യത്തിനേക്കാൾ കൂടുതൽ തുക ലഭിച്ചതോടെ പണം അയക്കുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് ജയ് സിംഗ് രംഗത്തെത്തുകയും പേയ്മെന്റ് വിവരങ്ങൾ അടങ്ങിയ പോസ്റ്റുകൾ നീക്കം ചെയ്യുകയും ചെയ്തു. ലഭിച്ച സ്നേഹത്തിനും സഹായത്തിനും എല്ലാവരോടും അവൻ നന്ദി അറിയിച്ചു. സുമനസ്സുകളുടെ സഹായത്തോടെ പെൺകുട്ടിയുടെ ചികിത്സ വേഗത്തിൽ നടക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.