68-ാം വയസ്സിലും സ്റ്റേജിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച് കാണികളെ അത്ഭുതപ്പെടുത്തുകയാണ് പോപ്പ് റാണി മഡോണ. അവരുടെ ‘സെലിബ്രേഷൻ ടൂർ’ അത്തരം കഠിനമായ പ്രകടനങ്ങളുടെ നേർക്കാഴ്ചയായിരുന്നു. മിന്നുന്ന വസ്ത്രങ്ങൾക്കും നൃത്തച്ചുവടുകൾക്കും രണ്ട് മണിക്കൂർ നീളുന്ന സ്റ്റേജ് പ്രകടനങ്ങൾക്കും പിന്നിൽ കഴിഞ്ഞ മുപ്പത് വർഷത്തോളമായി അവർ കർശനമായി പിന്തുടരുന്ന ഒരു ഭക്ഷണരീതിയുണ്ട്. ‘മാക്രോബയോട്ടിക് ഡയറ്റ്’ എന്ന് വിളിക്കപ്പെടുന്ന ഈ ഭക്ഷണക്രമത്തിൽ ധാന്യങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, മീൻ എന്നിവയാണ് പ്രധാനമായും ഉൾപ്പെടുന്നത്.
വിലകൂടിയ ഹെൽത്ത് പൗഡറുകൾക്കും സങ്കീർണ്ണമായ പാചകരീതികൾക്കും പകരം വളരെ ലളിതമായ ഭക്ഷണങ്ങളാണ് മഡോണയുടെ ദിനചര്യയിലുള്ളത്. ബ്രൗൺ റൈസ്, ക്വിനോവ, ബ്രൊക്കോളി, കെയ്ല്, മത്തങ്ങ, കാരറ്റ്, പയർവർഗ്ഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, വിത്തുകൾ, മീൻ എന്നിവയാണവ. ഇതിൽ തന്നെ സൽമൺ (Salmon) മീൻ വിഭവങ്ങൾ മഡോണയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്. ഒരിക്കൽ അവരുടെ പിറന്നാളിന് പൂമ്പാറ്റയുടെ ആകൃതിയിലുള്ള പ്രത്യേക സൽമൺ വിഭവം തയ്യാറാക്കാൻ നാല് ഷെഫുമാർക്ക് മൂന്ന് ദിവസം വേണ്ടിവന്നു. ജാപ്പനീസ് ഭക്ഷണവും അവർ പതിവായി കഴിക്കാറുണ്ട്. താൻ ലണ്ടനിലായിരിക്കുമ്പോഴും യാത്രാവേളകളിലും ജാപ്പനീസ് ഷെഫ് കൂടെയുണ്ടാകാറുണ്ടെന്ന് അവർ തുറന്നുപറഞ്ഞിട്ടുണ്ട്.
തണ്ണിമത്തൻ ജ്യൂസ് കുടിച്ചാണ് മഡോണ ദിവസം ആരംഭിക്കുന്നത്. കൂടാതെ ഇഞ്ചി ചായ, യെർബ മാറ്റെ ചായ, കരിക്കിൻ വെള്ളം എന്നിവയും കഴിക്കാറുണ്ട്. വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതിന് പകരം ദിവസം അഞ്ച് മുതൽ ആറ് തവണയായി ചെറിയ അളവിലാണ് ഇവർ ഭക്ഷണം കഴിക്കുന്നത്. ഇറച്ചി, പാൽ ഉൽപ്പന്നങ്ങൾ, പഞ്ചസാര, കഫീൻ, മദ്യം, സംസ്കരിച്ച ഭക്ഷണങ്ങൾ (Processed foods) എന്നിവ മഡോണ പൂർണ്ണമായും ഒഴിവാക്കുന്നു. ബ്രെഡ്, പാസ്ത എന്നിവയിൽ നിന്നും അവർ അകലം പാലിക്കുന്നു. എങ്കിലും അപൂർവ്വമായി സ്ട്രോബെറി ജാം പുരട്ടിയ ടോസ്റ്റ് കഴിക്കാൻ തനിക്ക് ഇഷ്ടമാണെന്ന് മാധ്യമപ്രവർത്തകൻ ലാറി കിംഗിന് നൽകിയ അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയിരുന്നു.
സെൻ ബുദ്ധിസത്തിൽ വേരുകളുള്ള ഒരു ജാപ്പനീസ് തത്ത്വചിന്തയെ അടിസ്ഥാനമാക്കിയുള്ളതാണ് മാക്രോബയോട്ടിക് ഡയറ്റ്. പ്രകൃതിദത്തമായ ധാന്യങ്ങൾ, പ്രാദേശികമായി ലഭിക്കുന്ന പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുകയും, മാംസാഹാരവും സംസ്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുകയുമാണ് ഇതിന്റെ രീതി. കഴിക്കുന്ന ഭക്ഷണത്തിൽ 50 മുതൽ 60 ശതമാനം വരെ ബ്രൗൺ റൈസ്, ബാർലി, ഓട്സ് തുടങ്ങിയ ധാന്യങ്ങളും, 25 മുതൽ 30 ശതമാനം വരെ പച്ചക്കറികളും, 5 മുതൽ 10 ശതമാനം വരെ പയർവർഗ്ഗങ്ങളുമാണ് ഉണ്ടാകുക. ശരീരത്തിൽ ഊർജ്ജസ്വലതയും സമനിലയും നിലനിർത്താൻ സഹായിക്കുന്ന ഈ ഭക്ഷണക്രമമാണ് കഴിഞ്ഞ 30 വർഷമായി മഡോണയുടെ ആരോഗ്യ രഹസ്യം.




