റൺവേ ഫാഷന്റെ ചരിത്രത്തിൽ, കാണികളുടെ മനസ്സിൽ കാലങ്ങളോളം മായാതെ നിൽക്കുന്ന നിരവധി അവിസ്മരണീയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. 1999-ൽ അലക്സാണ്ടർ മക്വീൻ ഷോയിൽ ഷാലോം ഹാർലോ ധരിച്ച വെള്ള വസ്ത്രത്തിൽ റോബോട്ടിക് കൈകൾ ഉപയോഗിച്ച് വർണ്ണങ്ങൾ തളിച്ചതും, 2022-ൽ ബെല്ല ഹാഡിഡിന്റെ ശരീരത്തിൽ കൊപ്പർണി ഫാഷൻ ബ്രാൻഡ് തത്സമയം വസ്ത്രം സ്പ്രേ ചെയ്തു നിർമ്മിച്ചതുമെല്ലാം വസ്ത്രധാരണത്തിനും പെർഫോമൻസ് ആർട്ടിനുമിടയിലുള്ള അതിർവരമ്പുകൾ മായ്ച്ചുകളഞ്ഞ സംഭവങ്ങളാണ്. ലണ്ടൻ ഫാഷൻ വീക്കിൽ, പ്രശസ്ത ഗായികയും നടിയുമായ ലീ-ആൻ പിയോക്കിന്റെ റൺവേ അരങ്ങേറ്റത്തിലൂടെ ഡി പെറ്റ്സ എന്ന ബ്രാൻഡും അത്തരമൊരു അവിസ്മരണീയ നിമിഷത്തിന് സാക്ഷ്യം വഹിച്ചു.
തന്റെ മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ലിറ്റിൽ മിക്സ് എന്ന മ്യൂസിക് ബാൻഡ് അംഗം കൂടിയായ ലീ-ആൻ. ഡിമിത്ര പെറ്റ്സയുടെ പുതിയ ശേഖരത്തിന്റെ പ്രധാന തീം തന്നെ ഗർഭധാരണവും മാതൃത്വവുമായിരുന്നു. തന്റെ ഗർഭപാത്രം അഭിമാനത്തോടെ പ്രദർശിപ്പിച്ചുകൊണ്ട് ലീ-ആൻ നടത്തിയ റൺവേ വാക്ക്, കേവലമൊരു സാധാരണ ഗർഭകാല ഫാഷൻ പ്രകടനത്തിനും അപ്പുറമായി മാറുകയായിരുന്നു.
പൂർണ്ണമായും വെള്ള നിറത്തിലുള്ള ഡിസൈനർ വസ്ത്രത്തിലാണ് ലീ-ആൻ റൺവേയിൽ എത്തിയത്. അല്പം പോലും ലാളിത്യം കലരാത്ത നിർമ്മാണശൈലിയായിരുന്നു ഇതിന്റെ പ്രത്യേകത. മുലയൂട്ടുന്നതിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ തയ്യാറാക്കിയ ഒരു പ്രത്യേക ബ്രാലെറ്റായിരുന്നു പ്രധാന ആകർഷണം. റൺവേയിലൂടെ നടക്കുമ്പോൾ അതിൽ നിന്നും ദ്രാവകം പുറത്തേക്ക് ഒഴുകുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരുന്നത്. മുലപ്പാൽ ശരീരത്തിലൂടെ ഒഴുകിയിറങ്ങുന്നതുപോലെയുള്ള ഈ കാഴ്ച മുലയൂട്ടലിന്റെയും മാതൃത്വത്തിന്റെയും ശക്തമായ പ്രതീകമായി മാറി. ഗർഭാവസ്ഥയെ മറച്ചുവെക്കുന്നതിന് പകരം, അതിനെ എടുത്തു കാണിക്കുന്ന രീതിയിലായിരുന്നു ഈ വസ്ത്രം.
വെളുത്ത ബ്രാലെറ്റിനൊപ്പം ഗ്രീക്ക് ശൈലിയിലുള്ള വസ്ത്രഭാഗവും സ്വർണ്ണാഭരണങ്ങളും ചേർന്നപ്പോൾ ലുക്ക് കൂടുതൽ മനോഹരമായി. ജലാംശം തോന്നിക്കുന്ന രീതിയിലായിരുന്നു മേക്കപ്പും ഹെയർസ്റ്റൈലും. നനഞ്ഞു ഒട്ടിനിൽക്കുന്ന ശൈലിയിലുള്ള മുടിയും, കണ്ണുനീർത്തുള്ളികൾ പടർന്നതുപോലെയുള്ള മേക്കപ്പും അതിന് കൂടുതൽ ആഴം നൽകി. പരമ്പരാഗത ഗർഭകാല വസ്ത്രധാരണ രീതികളിൽ നിന്നും മാറി, മാതൃത്വത്തിന്റെ യഥാർത്ഥ ഭാവങ്ങളെ റൺവേയിൽ തുറന്നുകാട്ടുന്നതായിരുന്നു ഈ പെർഫോമൻസ്. ഫുട്ബോൾ താരം ആന്ദ്രേ ഗ്രേയാണ് ലീ-ആനിന്റെ ഭർത്താവ്.
‘ഹോളി മിൽക്ക്’ എന്ന് പേരിട്ടിരുന്ന ഡി പെറ്റ്സയുടെ ഈ കളക്ഷന്റെ പ്രധാന ആശയം മാതൃത്വത്തിന്റെ ശാരീരികമായ തലങ്ങളെ അന്വേഷിക്കുക എന്നതായിരുന്നു. ഗർഭധാരണം, പ്രസവം, മുലയൂട്ടൽ, ജീവന് ജന്മം നൽകുമ്പോഴുണ്ടാകുന്ന ശരീരത്തിലെ മാറ്റങ്ങൾ എന്നിവയായിരുന്നു ഡിസൈനർ ഡിമിത്ര പെറ്റ്സ ഇതിലൂടെ അവതരിപ്പിച്ചത്. പാൽ എന്നത് കേവലം ഒരു ജൈവിക വസ്തു മാത്രമല്ലെന്നും അത് ജീവന്റെയും പോഷണത്തിന്റെയും പ്രതീകമാണെന്നും ഈ ഫാഷൻ ഷോയിലൂടെ അവർ കാണിച്ചുതന്നു.
ഗർഭിണികളായ മോഡലുകൾക്കൊപ്പം കുഞ്ഞുങ്ങളെയും കൈയ്യിലേന്തി ചിലർ റൺവേയിൽ ചുവടുവെച്ചു. സുതാര്യമായ തുണിത്തരങ്ങളും, ശരീരത്തോട് ചേർന്നുനിൽക്കുന്ന ഡിസൈനുകളും, വെള്ളത്തിൽ നിന്നും ഉയർന്നുവന്നതുപോലുള്ള ‘വെറ്റ്-ലുക്ക്’ ശൈലിയുമായിരുന്നു ഈ കളക്ഷന്റെ മറ്റ് സവിശേഷതകൾ. മനുഷ്യശരീരത്തിന്റെ മാറ്റങ്ങളെ അതിമനോഹരമായി ആഘോഷിക്കുന്നതായിരുന്നു പെറ്റ്സയുടെ വസ്ത്രശേഖരം.




