Movie News

ഇന്ത്യൻ രഹസ്യാന്വേഷണത്തിന്റെ പിതാവ്, ‘റോ’ സ്ഥാപകൻ ആർ.എൻ. കാവോയുടെ ജീവിതം സിനിമയാകുന്നു!

ഇന്ത്യൻ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (R&AW) സ്ഥാപക മേധാവി രമേശ്വർ നാഥ് കാവോയുടെ ജീവിതം ആസ്പദമാക്കി സിനിമ വരുന്നു. നിർമാതാവും സംവിധായകനുമായ കരൺ ജോഹറാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. റോ രൂപീകൃതമായതിന്റെ 58-ാം വാർഷിക ദിനമായ സെപ്റ്റംബർ 21-നാണ് ഈ വാർത്ത പുറത്തുവിട്ടത്.

നിതിൻ ഗോഖലെയുടെ ‘ആർ.എൻ. കാവോ: ജന്റിൽമാൻ സ്‌പൈമാസ്റ്റർ’ എന്ന പുസ്തകത്തെ ആസ്പദമാക്കി ധർമ്മ പ്രൊഡക്ഷൻസും ലിയോ മീഡിയ കളക്ടീവും ചേർന്ന് നിർമിക്കുന്ന ഈ സിനിമ 2028 ഓഗസ്റ്റ് 11-ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പേരോ അഭിനേതാക്കളുടെയും സംവിധായകന്റെയും വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 1955 മുതൽ 1971 വരെയുള്ള കാലഘട്ടവും, റോയുടെ രൂപീകരണത്തിലേക്കും ആദ്യകാല പ്രവർത്തനങ്ങളിലേക്കും നയിച്ച നിർണായക സംഭവവികാസങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്.

1918-ൽ ബനാറസിലാണ് രമേശ്വർ നാഥ് കാവോ എന്ന ആർ.എൻ. കാവോ ജനിച്ചത്. ലഖ്‌നൗ, അലഹബാദ് സർവകലാശാലകളിൽ നിന്ന് ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1940-ൽ സിവിൽ സർവീസ് പരീക്ഷ പാസായി ഇന്ത്യൻ ഇംപീരിയൽ പൊലീസിൽ ചേർന്നു. സ്വാതന്ത്ര്യ ലബ്ധിയോടെ ഇന്റലിജൻസ് ബ്യൂറോയിലേക്ക് (ഐ.ബി) മാറിയ അദ്ദേഹം പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സുരക്ഷാ ചുമതലകളിൽ പങ്കാളിയായി. തുടർന്ന് ഘാനയിൽ രഹസ്യാന്വേഷണ വിഭാഗം രൂപീകരിക്കുന്നതിൽ സഹായിക്കുകയും, കശ്മീർ പ്രിൻസസ് വിമാന ദുരന്ത അന്വേഷണത്തിൽ ചൈനീസ്-ബ്രിട്ടീഷ് അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു.

1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിലെ രഹസ്യാന്വേഷണ വീഴ്ചകളെത്തുടർന്ന്, ഐ.ബിക്ക് കീഴിലുള്ള ഏവിയേഷൻ റിസർച്ച് സെന്ററിന്റെ തലവനായി കാവോ ചുമതലയേറ്റു. പിന്നീട് വിദേശ രഹസ്യാന്വേഷണ വിഭാഗത്തെ ഐ.ബിയിൽ നിന്ന് വേർപെടുത്തി 1968-ൽ റോ (R&AW) രൂപീകരിച്ചപ്പോൾ അതിന്റെ ആദ്യ മേധാവിയായി കാവോ നിയമിതനായി. 1977 വരെ ഒൻപത് വർഷത്തോളം അദ്ദേഹം ഈ പദവിയിൽ തുടരുകയും ഏജൻസിയുടെ അടിത്തറ ശക്തമാക്കുകയും ചെയ്തു. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിലും ബംഗ്ലാദേശ് രൂപീകരണത്തിലും റോ നിർണായക പങ്കുവഹിച്ചു. മുക്തിബാഹിണിക്ക് ആവശ്യമായ പരിശീലനവും ആയുധങ്ങളും നൽകുന്നതിലും കാവോയുടെ നേതൃത്വം ശ്രദ്ധേയമായിരുന്നു.

പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം 1977-ൽ ഭരണം മാറിയപ്പോൾ സ്വയം വിരമിച്ചു. എന്നാൽ 1980-ൽ ഇന്ദിരാ ഗാന്ധി തിരിച്ചെത്തിയതോടെ സുരക്ഷാ ഉപദേഷ്ടാവായി അദ്ദേഹം മടങ്ങിയെത്തുകയും, ഇന്ദിരാ ഗാന്ധിക്കും പിന്നീട് രാജീവ് ഗാന്ധിക്കും വേണ്ട സേവനങ്ങൾ നൽകുകയും ചെയ്തു. നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG) രൂപീകരിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 1989-ൽ പൊതുജീവിതത്തിൽ നിന്ന് പൂർണ്ണമായി വിരമിച്ച കാവോ 2002-ൽ 83-ാം വയസ്സിലാണ് അന്തരിച്ചത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി ബി.സി.സി.ഐ പ്രതിവർഷം ‘ആർ.എൻ. കാവോ മെമ്മോറിയൽ ലെക്ചർ’ സംഘടിപ്പിച്ചു വരുന്നു. ഇന്ത്യൻ രഹസ്യാന്വേഷണ മേഖലയുടെ ഈ സുപ്രധാന ചരിത്രമാണ് കരൺ ജോഹറിലൂടെ ഇനി വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്.