Crime Featured

‘ഈ പിള്ളേരിങ്ങനെ തുടങ്ങിയാല്‍…’; പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്കില്ല; അധ്യാപികയെ കുത്തി 17കാരി- വീഡിയോ

ബ്രസീലിലെ കാമേറ്റയിൽ ക്ലാസ് മുറിക്കുള്ളിൽ അധ്യാപികയെ വിദ്യാർഥിനി കുത്തിപ്പരുക്കേൽപ്പിച്ചു. ഡോ. ഗെർസൺ ഡോസ് സാന്റോസ് സ്കൂളിൽ നടന്ന സംഭവത്തിൽ പരീക്ഷയുടെ ഉത്തരക്കടലാസ് പരിശോധിച്ചു നൽകിയതിന് പിന്നാലെയാണ് 17കാരിയായ വിദ്യാർഥിനി അധ്യാപികയ്ക്ക് നേരെ ആക്രമണം നടത്തിയത്.

സെപ്റ്റംബർ 11നായിരുന്നു കണക്ക് പരീക്ഷ നടന്നത്. തൊട്ടടുത്ത ദിവസം അധ്യാപിക ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തി വിദ്യാർഥികൾക്ക് നൽകി. എന്നാൽ പ്രതീക്ഷിച്ച മാർക്ക് കിട്ടാത്തതിലുള്ള അമർഷമാണ് 17കാരിയെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം. വിദ്യാർഥിനി കൈയിൽ കരുതിയ വലിയ കത്തി ഉപയോഗിച്ച് അധ്യാപികയെ കുത്താൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അധ്യാപികയുടെ മേശയ്ക്ക് സമീപം നിൽക്കുന്ന വിദ്യാർഥിനി കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കുന്നതും തുടർന്ന് പോക്കറ്റിൽനിന്ന് കത്തിയെടുത്ത് ആക്രമിക്കാൻ മുതിരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അപ്രതീക്ഷിതമായി ഉണ്ടായ ഈ ആക്രമണത്തിൽ പതറാതെ അധ്യാപിക കുട്ടിയെ ശക്തമായി പ്രതിരോധിച്ചു. കട്ടി പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ അധ്യാപികയുടെ കൈക്ക് നിസ്സാര പരുക്കേറ്റു. ഇതിനിടയിൽ വിദ്യാർഥിനി ക്ലാസ് മുറിയിൽനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

പരീക്ഷയിൽ കുറഞ്ഞ മാർക്ക് ലഭിച്ചതിലുള്ള നിരാശയും അധ്യാപികയോടുള്ള വ്യക്തിപരമായ വിരോധവുമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. തനിക്ക് അധ്യാപികയോട് ദേഷ്യമുണ്ടായിരുന്നതായി ചോദ്യം ചെയ്യലിൽ വിദ്യാർഥിനി പൊലീസിനോട് സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.

പരുക്കേറ്റ അധ്യാപികയെ ഉടൻതന്നെ സമീപത്തെ റീജിയണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അവർ ആശുപത്രി വിട്ടു. സംഭവത്തിൽ കേസെടുത്ത പൊലീസ് വിദ്യാർഥിനിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.