Oddly News

‘നിങ്ങൾ ചൈനയിലേക്ക് അയച്ചവർ അവരുടെ കസ്റ്റഡിയിലാണ്’: അന്ന് കരിയർ അവസാനിച്ചെന്ന് കരുതിയെന്ന് അജിത് ഡോവൽ

തന്റെ ഔദ്യോഗിക ജീവിതത്തിനിടെ ഏറെ അസ്വസ്ഥതയും വിഷമവും തോന്നിയ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ച തുടക്കകാലത്ത് സംഭവിച്ചൊരു കാര്യവും അതോടെ തന്റെ കരിയർ തന്നെ ഇല്ലാതാകുമെന്ന് ഭയന്നതും അദ്ദേഹം പങ്കുവെച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) റൂർക്കിയിലെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അജിത് ഡോവൽ തന്റെ പഴയകാല അനുഭവങ്ങൾ വെളിപ്പെടുത്തിയത്.

തന്റെ ഇരുപതുകളിൽ രഹസ്യാന്വേഷണ രംഗത്ത് തുടക്കക്കാരനായിരിക്കെ സിക്കിമിൽ സേവനമനുഷ്ഠിച്ച കാലത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അന്ന് സിക്കിം ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്നും ലയന പ്രക്രിയ നടക്കുകയായിരുന്നുവെന്നും ഡോവൽ പറഞ്ഞു. അതിർത്തി പ്രദേശങ്ങളുടെ നിരീക്ഷണവും ചൈനീസ് സൈന്യത്തിന്റെ (പിഎൽഎ) നീക്കങ്ങളെക്കുറിച്ചുള്ള വിവരശേഖരണവുമായിരുന്നു അന്ന് തന്റെ പ്രധാന ചുമതലയെന്ന് അദ്ദേഹം വ്യക്തമാക്കി.

സിക്കിമിലെ സേവനത്തിനിടെ അതിർത്തി കടന്നുപോയ ഒരു ദൗത്യസംഘം തിരിച്ചെത്താൻ വൈകിയത് തന്നെ വലിയ ആശങ്കയിലാക്കിയെന്ന് ഡോവൽ ഓർത്തെടുത്തു. എട്ടു ദിവസത്തിനുള്ളിൽ മടങ്ങിയെത്തേണ്ട സംഘം പതിനഞ്ചു ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ആ ആളുകൾക്ക് എന്തു സംഭവിച്ചെന്നോ അവർ ജീവനോടെയുണ്ടോ എന്നോ അറിയാത്തത് വലിയ അസ്വസ്ഥത ഉണ്ടാക്കി. അതിനിടെ ആസ്ഥാനത്തുനിന്ന് മേധാവി വിളിച്ച് അതിർത്തിക്കപ്പുറത്തേക്ക് ആളുകളെ അയച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ആ സംഘം ചൈനീസ് കസ്റ്റഡിയിലാണെന്നാണ് അദ്ദേഹം അറിയിച്ചത്. പിന്നീട് നടത്തിയ കൂടിയാലോചനകൾക്കൊടുവിലാണ് ചൈന അവരെ വിട്ടയച്ചത്.

ഈ സംഭവം തന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാനമാണെന്നാണ് അന്ന് കരുതിയതെന്ന് ഡോവൽ പറഞ്ഞു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ തന്റെ ഭാഗത്ത് പിഴവില്ലെന്ന് വ്യക്തമായി. നൽകിയ ഭൂപടങ്ങളിലും രേഖാചിത്രങ്ങളിലും വന്ന പിഴവുകൾ മൂലമാണ് ദൗത്യസംഘത്തിന് വഴിതെറ്റി ചൈനയുടെ പിടിയിലാകേണ്ടി വന്നതെന്ന് തെളിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

1947-ൽ ഇന്ത്യ സ്വതന്ത്രമായെങ്കിലും സിക്കിം ഉടൻ തന്നെ ഇന്ത്യൻ യൂണിയന്റെ ഭാഗമായിരുന്നില്ല. 1950-ലെ ഇന്തോ-സിക്കിം കരാർ പ്രകാരം സിക്കിമിന്റെ പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നിവയുടെ ചുമതല ഇന്ത്യയ്ക്കായിരുന്നു. പിന്നീട് 1975-ലാണ് സിക്കിം ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമാകുന്നത്.