Sports

ഏഷ്യൻഗെയിംസ്: സ്വർണമെഡൽ തരുന്നത് പാക് മന്ത്രി നഖ്‌വി? ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ സ്വീകരിക്കേണ്ടി വരും ! ഇല്ലെങ്കില്‍ അച്ചടക്ക നടപടി

നഗോയ : ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ വിജയിച്ചാൽ ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ മെഡലുകൾ സ്വീകരിക്കേണ്ടി വരുന്നത് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്‌വിയിൽനിന്നായേക്കുമെന്ന് റിപ്പോർട്ട്. ഏഷ്യൻ ഗെയിംസിലെ നിലവിലെ ചാംപ്യന്മാരായ ഇരു ഇന്ത്യൻ ടീമുകളും ഐച്ചി-നാഗോയ ഗെയിംസിലും സ്വർണ മെഡൽ നേടാൻ ഏറെ സാധ്യതയുള്ളവരാണ്. എന്നാൽ ജേതാക്കൾക്ക് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാൻ കൂടിയായ മൊഹ്സിൻ നഖ്‌വിയാകും മെഡൽ സമ്മാനിക്കുകയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രി കൂടിയാണ് മൊഹ്സിൻ നഖ്‌വി.

ഏഷ്യ കപ്പ് ക്രിക്കറ്റിൽ ചാമ്പ്യന്മാരായ ഇന്ത്യൻ പുരുഷ/വനിതാ ടീമുകൾ, നഖ്‌വിയിൽനിന്ന് ട്രോഫി വാങ്ങാൻ തയാറായിരുന്നില്ല. ഈ ട്രോഫികൾ ഇതുവരെ ടീമുകൾ ഏറ്റുവാങ്ങിയിട്ടുമില്ല. എന്നാൽ ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) മെഡലുകൾ സമ്മാനിക്കാൻ നഖ്‌വിയെ ഔദ്യോഗികമായി ചുമതലപ്പെടുത്തുകയാണെങ്കിൽ ഇന്ത്യൻ ടീമുകൾക്ക് അത് നിരസിക്കാനാകില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഒസിഎ നിയമങ്ങളും ഇന്ത്യൻ ഒളിംപിക് അസോസിയേഷനിലെ (ഐഒഎ) ഉന്നത വൃത്തങ്ങളും നൽകുന്ന സൂചനയനുസരിച്ച്, ഖത്തറിൽ നിന്നുള്ള ഒസിഎ പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ ഥാനി ഈ ചുമതല നഖ്‌വിക്ക് കൈമാറുകയാണെങ്കിൽ ഇന്ത്യൻ താരങ്ങൾ മെഡലുകൾ സ്വീകരിക്കേണ്ടി വരും. ഇത് നിരസിക്കുന്നത് ഗെയിംസിനെയും ഒസിഎയെയും പ്രതിനിധിയെയും അപമാനിക്കുന്നതായി കണക്കാക്കുമെന്നും അച്ചടക്ക നടപടികൾക്ക് വരെ കാരണമായേക്കാമെന്നും ‘ദ് ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇതു സംബന്ധിച്ച ചോദ്യത്തിന് ഞങ്ങൾ നിലവിൽ മത്സരങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രതികരിച്ചു. ടീമുകൾ ആദ്യം മെഡൽ വേദിയിൽ എത്തട്ടെയെന്നും, ആ സമയത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയൊരു സാഹചര്യം വരുമ്പോൾ അതിനെ നേരിടുമെന്നും, ഇതുവരെ സംഭവിക്കാത്ത കാര്യത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒസിഎ ഭരണഘടനയിലെ ചട്ടങ്ങൾ അനുസരിച്ച് വിജയികൾക്കുള്ള മെഡലുകൾ സമ്മാനിക്കുന്നത് ഒസിഎ പ്രസിഡന്റാണ്, കൂടാതെ ഈ ചുമതല മറ്റ് ഒസിഎ അംഗങ്ങൾക്ക് കൈമാറാനുള്ള അധികാരവും അദ്ദേഹത്തിനുണ്ട്. ഗെയിംസിന്റെ മെഡൽ വിതരണ ചടങ്ങുകളിൽ യാതൊരുവിധത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളോ, രാഷ്ട്രീയ-മത-വംശീയ പ്രചാരണങ്ങളോ അനുവദിക്കില്ലെന്നും നിയമാവലിയിൽ പറയുന്നുണ്ട്.