എരുമേലിയിലെ ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടനമാണ് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ ലോകത്തും ഇപ്പോൾ പ്രധാന ചർച്ചാവിഷയം. നിലവിലെ എംഎൽഎ ക്ഷണിക്കുകയും മുൻ എംഎൽഎ എത്തി പാലം ഉദ്ഘാടനം ചെയ്യുകയുമായിരുന്നു. ഉദ്ഘാടന ഫലകത്തിലാകട്ടെ, ‘പൂഞ്ഞാർ എംഎൽഎ’ എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. കടുത്ത രാഷ്ട്രീയ വൈരങ്ങൾക്കിടയിലും വേറിട്ടൊരു മാതൃക തീർക്കുകയാണ് ഈ ഹൃദ്യമായ സംഭവം.
വാഴക്കാല–ആമക്കുന്ന് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം എൽഡിഎഫ് ഭരണകാലത്ത് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം ആരംഭിച്ചത്. പിന്നീട് യുഡിഎഫ് സർക്കാരിന്റെ കാലത്താണ് നിർമാണം പൂർത്തിയായത്. ഒടുവിൽ ഉദ്ഘാടന വേളയിൽ എം.ജെ. സെബാസ്റ്റ്യൻ എംഎൽഎയും സെബാസ്റ്റ്യൻ കുളത്തുങ്കലും ഒരുമിച്ച് പങ്കെടുക്കുകയും, പൊതുസമ്മേളനത്തിൽ വെച്ച് മുൻ എംഎൽഎ പാലം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുകയും ചെയ്തു.
പാലത്തിന്റെ യഥാർഥ അവകാശി മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലാണെന്നും താൻ വികസനത്തുടർച്ചയുടെ ഭാഗമായി പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും എം.ജെ.സെബാസ്റ്റ്യൻ വ്യക്തമാക്കി. അതിനാൽ തന്നെ ഫലകത്തിൽ നിന്ന് സ്വന്തം പേര് ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ‘ഉദ്ഘാടനം: പൂഞ്ഞാർ എംഎൽഎ’ എന്ന് മാത്രം രേഖപ്പെടുത്തിയത്.
2018-ലെ പ്രളയത്തിലാണ് എരുമേലി വലിയതോടിന് കുറുകെയുള്ള പഴയ ആമക്കുന്ന് പാലത്തിന് കേടുപാടുകൾ സംഭവിച്ചത്. അറ്റകുറ്റപ്പണികൾ സുരക്ഷിതമല്ലെന്ന് കണ്ടതിനെ തുടർന്നാണ് 15.5 മീറ്റർ നീളത്തിൽ പുതിയ പാലം പണിതത്. പുതിയ പാലം നിലവിൽ വന്നതോടെ വാഴക്കാല, ആമക്കുന്ന് പ്രദേശങ്ങളിലെ മുന്നൂറിലധികം കുടുംബങ്ങൾക്കാണ് ഗതാഗതസൗകര്യം ലഭ്യമായത്.




