ആദ്യമായി ഇന്ത്യൻ ഭക്ഷണം കഴിക്കാനെത്തിയ ചൈനീസ് യുവതി സ്പൂൺ ഉപയോഗിച്ച രീതി സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നു. ഇവർ ബിരിയാണി കഴിക്കുന്ന വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത്. ബിരിയാണിയുടെ രുചി ആസ്വദിക്കുന്നതിനൊപ്പം ഇവർ സ്പൂൺ പിടിച്ച വിചിത്രമായ രീതിയാണ് ആളുകളുടെ ശ്രദ്ധ കവർന്നത്.
ചോപ്സ്റ്റിക്കുകൾ ഉപയോഗിച്ച് ഭക്ഷണം കഴിച്ചു ശീലമുള്ളവർക്ക് സ്പൂൺ ഉപയോഗിക്കുന്നത് അല്പം ബുദ്ധിമുട്ടായി തോന്നാം. മുന്നിലെത്തിയ ബിരിയാണി കണ്ട് ആവേശത്തിലായ യുവതി ഉടൻ തന്നെ കഴിക്കാൻ തുടങ്ങി. എന്നാൽ സാധാരണ രീതിയിൽ സ്പൂൺ ഉപയോഗിക്കുന്നതിന് പകരം, ചോപ്സ്റ്റിക് പിടിക്കുന്നത് പോലെ സ്പൂൺ പിടിച്ച് ചോറ് കോരിയെടുക്കാനാണ് അവർ ശ്രമിച്ചത്. സ്പൂൺ ഉപയോഗിച്ച രീതി തമാശയായി തോന്നിയെങ്കിലും അവരുടെ മുഴുവൻ ശ്രദ്ധയും ബിരിയാണി ആസ്വദിച്ചു കഴിക്കുന്നതിലായിരുന്നു.
വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. “ഞങ്ങൾക്ക് ഇന്ത്യൻ ചൈനീസ് ഭക്ഷണം ഉള്ളതുപോലെ നിങ്ങളുടെ നാട്ടിൽ ചൈനീസ് ബിരിയാണി കിട്ടുമോ?” എന്ന് ഒരാൾ ചോദിച്ചപ്പോൾ, “അയൽക്കാരായ രണ്ട് രാജ്യങ്ങൾ സ്നേഹത്തിലൂടെ തങ്ങളുടെ പാരമ്പര്യം പങ്കുവെക്കുന്നു” എന്നാണ് മറ്റൊരാൾ കുറിച്ചത്.
നേരത്തെ, ഇന്ത്യൻ ഭക്ഷണം അഴുക്കുനിറഞ്ഞതാണെന്ന് വിശ്വസിച്ചിരുന്ന ഒരു ചൈനീസ് യുവതിക്ക് യൂട്യൂബറായ പാസഞ്ചർ പരംവീർ നല്ലൊരു ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം വാങ്ങി നൽകുന്ന വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ആദ്യം മടിച്ചെങ്കിലും ദാൽ മഖാനിയും ഷാഹി പനീറും നാന്നും കഴിച്ചുനോക്കിയതോടെ ഇന്ത്യൻ ഭക്ഷണം വളരെ രുചികരമാണെന്ന് അവർ സമ്മതിക്കുകയായിരുന്നു.




