ഇറാനിൽ വിമാനം അടിയന്തരമായി തിരിച്ചുവിളിച്ചിറക്കുന്നതിനിടെ വിമാനത്തിനുള്ളിലെ മേൽക്കൂര തകർന്നു വീണത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ചൊവ്വാഴ്ച സെപെഹ്റാൻ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനം മഷ്ഹദ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തുമ്പോഴായിരുന്നു സംഭവം. വിമാനം ശക്തമായി കുലുങ്ങുന്നതിനിടെ മേൽക്കൂരയിലെ പാനലുകൾ യാത്രക്കാരുടെ തലയ്ക്കുമുകളിലേക്ക് തൂങ്ങിനിൽക്കുന്നതും, ഭയന്നുവിറച്ച ആളുകൾ നിലവിളിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.
സെപ്റ്റംബർ 15-ന് മഷ്ഹദിൽ നിന്ന് കെർമാൻഷാഹിലേക്ക് പുറപ്പെട്ട ആഭ്യന്തര വിമാനമാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തകരാറിലായത്. വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിലെ ടയർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. തുടർന്ന് പ്രാദേശിക സമയം വൈകുന്നേരം 5:30-ഓടെ പൈലറ്റ് അടിയന്തര സന്ദേശം നൽകുകയും മഷ്ഹദിലെ ഷാഹിദ് ഹാഷിമിനേജാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചുവിളിക്കുകയുമായിരുന്നു.
ടയറിലെ തകരാറിന് പിന്നാലെ എഞ്ചിനിലും പ്രശ്നങ്ങൾ അനുഭവപ്പെടുകയും വിമാനം ശക്തമായി പ്രകമ്പനം കൊള്ളാൻ തുടങ്ങുകയും ചെയ്തു. ഈ ശക്തമായ കുലുക്കത്തിലാണ് വിമാനത്തിനുള്ളിലെ മേൽക്കൂരയുടെ പാനലുകൾ ഇളകിവീണത്. ഇതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ വിമാനത്തിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ പകർത്തിയിരുന്നു. മേൽക്കൂര ഇളകിയതോടെ വിമാനത്തിന്റെ ഉൾഭാഗങ്ങൾ പുറത്തുകാണാവുന്ന രീതിയിലായി.
തീവ്രമായ ഭീതി ഉണർത്തിയ നിമിഷങ്ങൾക്കൊടുവിൽ ബോയിംഗ് 737 വിമാനം മഷ്ഹദ് വിമാനത്താവളത്തിൽ സുരക്ഷിതമായി നിലത്തിറക്കി. യാത്രക്കാരെയും ജീവനക്കാരെയും ഉടനടി പുറത്തെത്തിച്ചതിനാൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കെർമാൻഷാഹിലേക്ക് അയച്ചു.
സംഭവത്തെക്കുറിച്ച് ഇറാനിയൻ സിവില് ഏവിയേഷൻ ഓർഗനൈസേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾ അനുസരിച്ച് ഈ വിമാനത്തിന് ഏകദേശം 30 വർഷത്തോളം പഴക്കമുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇതേ എയർലൈൻസിന്റെ മറ്റൊരു വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെറ്റിമാറിയിരുന്നു. അന്നും ആർക്കും പരിക്കേറ്റിരുന്നില്ല.




