മനോഹരമായ പർവ്വതനിരകൾക്കും ഗ്രാമങ്ങൾക്കും പേരുകേട്ട സ്വിറ്റ്സർലൻഡിലെ ഗിമ്മൽവാൾഡ് എന്ന ഗ്രാമത്തിലുള്ള ഒരു ചെറിയ കട ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. ‘ദി ഓണസ്റ്റി ഷോപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ഈ കടയിൽ വ്യാപാരിയോ ജീവനക്കാരോ ക്യാഷ്യറോ സുരക്ഷാ ജീവനക്കാരോ ആരും തന്നെയില്ല. എങ്കിലും മധുരപലഹാരങ്ങൾ, കൈകൊണ്ട് നിർമ്മിച്ച കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, പുരാതന വസ്തുക്കൾ, സ്മരണികകൾ എന്നിവയാൽ കടയിലെ റാക്കുകൾ നിറഞ്ഞിരിക്കുന്നു.
ഉപഭോക്താക്കൾക്ക് ആവശ്യമുള്ള സാധനങ്ങൾ തിരഞ്ഞെടുത്ത് അതിലെ വില നോക്കി പണം കൗണ്ടറിൽ വെച്ച ശേഷം സാധനങ്ങളുമായി മടങ്ങാം. ശരിയായ തുകയാണോ നൽകിയതെന്ന് പരിശോധിക്കാൻ അവിടെ ആരുമില്ല, ആളുകളുടെ സത്യസന്ധതയിൽ മാത്രമാണ് ഈ കട പ്രവർത്തിക്കുന്നത്. സ്വിറ്റ്സർലൻഡ് സന്ദർശിച്ച ഒരു ഇന്ത്യൻ യാത്രാ വ്ലോഗർ ഈ അപൂർവ്വ കടയുടെ വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം തരംഗമായത്. വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളേക്കാൾ പ്രിയപ്പെട്ടതായി തോന്നിയത് ഈ കൊച്ചു അനുഭവമാണെന്ന് അദ്ദേഹം കുറിച്ചു.
പെൻഷൻ ഗിമ്മൽവാൾഡ് ഹോട്ടലിന്റെ ഉടമയായ ഡേവിഡ് വാട്ടർഹൗസ് ആണ് 10 വർഷത്തോളമായി അടഞ്ഞുകിടന്ന ഈ ഗ്രാമീണ കട വീണ്ടും തുറന്നത്. എപ്പോഴും ജീവനക്കാരെ നിർത്തുന്നത് പ്രായോഗികമല്ലാത്തതിനാലാണ് ഇത്തരമൊരു ആശയം അദ്ദേഹം നടപ്പിലാക്കിയത്. ഇംഗ്ലണ്ടിലെ കോൺവാളിൽ കർഷകർ പഴങ്ങളും പച്ചക്കറികളും വീടിന് പുറത്തുവെച്ച് പണം നിക്ഷേപിക്കാൻ പെട്ടി വെക്കുന്ന രീതിയിൽ നിന്നാണ് അദ്ദേഹത്തിന് ഈ പ്രചോദനം ലഭിച്ചത്. പൂർണ്ണമായും പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ കൊച്ചു കട ഇന്നിപ്പോൾ ഗിമ്മൽവാൾഡ് സന്ദർശിക്കുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.




