Oddly News

‘ചൊറിയന്‍’ പോസ്റ്റുകൾക്ക് വൻ ഡിമാൻഡ്! മാസം 9.5 ലക്ഷം സമ്പാദിക്കൂ! ‘റേഞ്ച് ബൈറ്റ്’ തന്ത്രവുമായി എക്സ് ക്രിയേറ്റർ

എക്സ് (ട്വിറ്റർ), ഇൻസ്റ്റാഗ്രാം, ടിക് ടോക് എന്നിവയിൽ ആളുകളെ മനഃപൂർവ്വം പ്രകോപിപ്പിച്ച് ലക്ഷക്കണക്കിന് കാഴ്‌ചക്കാരെയും വൻതുകയും നേടുന്ന രീതിയാണ് ഇപ്പോൾ തരംഗമാകുന്നത്. ഇന്റർനെറ്റ് ലോകത്ത് ഇത് ‘റെേജ്-ബൈറ്റിംഗ്’ (Rage-baiting) അല്ലെങ്കിൽ ‘റെേജ്-ഫാർമിംഗ്’ (Rage-farming) എന്നറിയപ്പെടുന്നു. തർക്കവിഷയങ്ങളും പ്രകോപനപരമായ കാര്യങ്ങളും പോസ്റ്റ് ചെയ്ത് ആളുകളെക്കൊണ്ട് ദേഷ്യത്തോടെ കമന്റ് ചെയ്യിക്കുകയും വാദപ്രതിവാദങ്ങൾ ഉണ്ടാക്കുകയുമാണ് ഇതിൽ ചെയ്യുന്നത്. ആളുകളുടെ ഈ ദേഷ്യം പോസ്റ്റുകളുടെ പ്രശസ്തി കൂട്ടുകയും ക്രിയേറ്റർമാർക്ക് പരസ്യ വരുമാനത്തിലൂടെയും ഫോളോവേഴ്‌സിലൂടെയും വലിയ തുക സമ്പാദിക്കാൻ വഴിയൊരുക്കുകയും ചെയ്യുന്നു.

ഇത്തരത്തിൽ പ്രകോപനപരമായ പോസ്റ്റുകളിലൂടെ എക്സ് പ്ലാറ്റ്‌ഫോമിൽ നിന്ന് മാത്രം ഏകദേശം 80,000 ഡോളർ (ഏകദേശം 76 ലക്ഷം രൂപ) സമ്പാദിച്ചതായി ‘മുറെ ഹിൽ ഗൈ’ (Murray Hill Guy) എന്ന ജനപ്രിയ അക്കൗണ്ട് നടത്തുന്ന റോബർട്ട് ലെഫ്കോവിറ്റ്സ് വെളിപ്പെടുത്തി. താൻ പങ്കുവെക്കുന്ന 20 ശതമാനത്തോളം പോസ്റ്റുകളും ആളുകളിൽ നിന്ന് വലിയ പ്രതികരണങ്ങൾ ഉണ്ടാക്കിയെടുക്കാൻ മനഃപൂർവ്വം സൃഷ്ടിക്കുന്നതാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. ന്യൂയോർക്കിലെ നഗരപ്രദേശങ്ങളുടെ പേരിലുള്ള അക്കൗണ്ടുകളുടെ തരംഗം കണ്ടാണ് അദ്ദേഹം ഈ അക്കൗണ്ട് ആരംഭിച്ചത്.

കഴിഞ്ഞ രണ്ടര വർഷമായി കടുത്ത വിമർശനങ്ങളും നിയമനടപടികളും വ്യക്തിവിവരങ്ങൾ ചോർത്താനുള്ള (Doxxing) ശ്രമങ്ങളും നേരിട്ടെങ്കിലും എക്സിന്റെ ക്രിയേറ്റർ മോണിറ്റൈസേഷൻ പ്രോഗ്രാം വഴി അദ്ദേഹത്തിന് വൻതുക വരുമാനം ലഭിച്ചു. ഒരു സ്ത്രീ ഡേറ്റിംഗ് നിരസിച്ചതുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ഒരു പോസ്റ്റ് 5 കോടിയിലധികം ആളുകളാണ് കണ്ടത്. ഡേറ്റിംഗ്, സ്ത്രീകളുടെ രൂപം, വ്യക്തിബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള സവാദപരമായ നിലപാടുകളാണ് അദ്ദേഹം പ്രധാനമായും പോസ്റ്റ് ചെയ്യുന്നത്.

ആളുകളെ പ്രകോപിപ്പിച്ച് പ്രതികരണങ്ങൾ നേടുന്നത് ബിസിനസിനെ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. നിലവിൽ പ്രതിമാസം 3,000 ഡോളർ (2.8 ലക്ഷം രൂപ) മുതൽ 10,000 ഡോളർ (9.5 ലക്ഷം രൂപ) വരെ എക്സിൽ നിന്ന് മാത്രം ഇയാൾ നേടുന്നുണ്ട്. കൂടാതെ ബ്രാൻഡ് പ്രൊമോഷനുകളിലൂടെയും കോച്ചിംഗ് ബിസിനസിലൂടെയും വരുമാനം ലഭിക്കുന്നു. ദിവസത്തിൽ രണ്ട് മൂന്ന് മണിക്കൂർ മാത്രമാണ് ഇതിനായി ചെലവഴിക്കുന്നത്.

ഇന്റർനെറ്റിലെ ലോകവും യഥാർത്ഥ ജീവിതവും വ്യത്യസ്തമാണെന്നും ഓൺലൈനിൽ എല്ലാവർക്കും ഒരു പ്രത്യേക വ്യക്തിത്വമുണ്ടെന്നും ലെഫ്കോവിറ്റ്സ് പറയുന്നു. നിയമലംഘനങ്ങളുടെ പേരിൽ എക്സിൽ നിന്ന് നടപടികളൊന്നും നേരിട്ടിട്ടില്ലെങ്കിലും തന്റെ സ്വകാര്യ ഫോൺ നമ്പർ പരസ്യപ്പെടുത്തിയ മറ്റൊരു അക്കൗണ്ട് നിരോധിക്കാൻ കമ്പനിയിലെ സുഹൃത്തുക്കൾ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.