2019 ജനുവരി മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇസ്രായേൽ പ്രധാനമന്ത്രിമാരുടെ മുടി ഭംഗിയാക്കൽ, മേക്കപ്പ്, ഔദ്യോഗിക പ്രതിനിധാന ചെലവുകൾ എന്നിവയ്ക്കായി രാജ്യം ഏകദേശം 4,70,000 ഡോളർ (ഏകദേശം 4.49 കോടി രൂപ) ചെലവഴിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഈ ചെലവുകളുടെ 90 ശതമാനവും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറ നെതന്യാഹുവുമാണ് ഉപയോഗിച്ചത്. ഇൻഫർമേഷൻ ഫ്രീഡം പ്രസ്ഥാനത്തിനുവേണ്ടി അഭിഭാഷകയായ യാര വിങ്ക്ലർ-ഷാലിറ്റ് നൽകിയ ഹർജിയെ തുടർന്നാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
ഓരോ വർഷവും ഇത്തരം ചെലവുകളിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നഫ്താലി ബെനറ്റും യായർ ലാപിഡും പ്രധാനമന്ത്രിമാരായിരുന്ന 2022-ൽ 84,000 ഷെക്കെൽ (ഏകദേശം 26.34 ലക്ഷം രൂപ) ആയിരുന്ന ചെലവ്, 2023-ൽ നെതന്യാഹു തിരിച്ചെത്തിയതോടെ 3,11,000 ഷെക്കെലായി (ഏകദേശം 97.52 ലക്ഷം രൂപ) ഉയർന്നു. 2025-ലാണ് ഏറ്റവും ഉയർന്ന വാർഷിക ചെലവ് രേഖപ്പെടുത്തിയത്; ഏകദേശം 1,11,000 ഡോളർ (1.06 കോടി രൂപ).
2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ച സമയത്തും വലിയ തുക ഇതിനായി ചെലവിട്ടു. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ നെതന്യാഹുവിന്റെ മുടി ഭംഗിയാക്കാൻ 2,600 ഡോളറും (2.48 ലക്ഷം രൂപ) മേക്കപ്പിനായി 1,580 ഡോളറും (1.51 ലക്ഷം രൂപ) ചെലവഴിച്ചു. വിദേശ യാത്രകളിലും വൻതുകയാണ് ഇതിനായി ചെലവായത്. 2025 ഫെബ്രുവരിയിലെ വാഷിംഗ്ടൺ സന്ദർശന വേളയിൽ നാല് ദിവസത്തേക്ക് മാത്രം 13,500 ഡോളർ (12.9 ലക്ഷം രൂപ) ചെലവായി.
വസ്ത്രധാരണവും അതിഥി സൽക്കാരവും ഉൾപ്പെടുന്ന ഔദ്യോഗിക പ്രതിനിധാന ചെലവുകളിൽ നെതന്യാഹു 1,34,000 ഡോളറോളമാണ് (1.28 കോടി രൂപ) ചെലവാക്കിയത്. അതേസമയം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി മേക്കപ്പ് ആർട്ടിസ്റ്റുകളുടെയും ഹെയർ സ്റ്റൈലിസ്റ്റുകളുടെയും പേരുകൾ രേഖകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. കോടതി ഉത്തരവുകളിലൂടെ മാത്രം പൊതുജനങ്ങളുടെ പണം ചെലവഴിച്ച വിവരങ്ങൾ പുറത്തുവിടുന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടിയെ വിവര അവകാശ പ്രവർത്തകർ രൂക്ഷമായി വിമർശിച്ചു. പൊതുപണം വ്യക്തിപരമായ ആവശ്യങ്ങൾക്ക് തോന്നിയതുപോലെ ഉപയോഗിക്കാനുള്ളതല്ലെന്ന് അധികാരികൾ ഓർക്കണമെന്നും അവർ വ്യക്തമാക്കി.




