Spotlight

ഹോസ്റ്റൽ ബാത്ത്‌റൂമിൽ ഒളിക്യാമറ: പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തി, പാഡുകൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് കണ്ടെത്താനെന്ന് വാർഡന്‍, വൻ പ്രതിഷേധം

ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിലുള്ള സ്വകാര്യ ഗേൾസ് ഹോസ്റ്റൽ ബാത്ത്‌റൂമിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ച് വിദ്യാർഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ വനിതാ വാർഡനെതിരെ പോലീസ് കേസെടുത്തു. മൊഹദ്ദിപൂരിലെ ഹോസ്റ്റൽ വാർഡനായ ആരതി സിംഗിനെതിരെയാണ് ഗുരുതരമായ വകുപ്പുകൾ ചുമത്തി കന്റോൺമെന്റ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബാത്ത്‌റൂമിലെ ടിൻ ഷെഡിനുള്ളിൽ ക്യാമറ ഓൺ ചെയ്ത് ടോയ്‌ലറ്റിന് നേരെ തിരിച്ചുവെച്ച നിലയിലായിരുന്നു ഫോൺ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രി ബാത്ത്‌റൂമിൽ കയറിയ ഒരു പെൺകുട്ടിയാണ് ഇത് ആദ്യം കണ്ടത്. തുടർന്ന് ആ കുട്ടി ഫോണിന്റെ ദൃശ്യങ്ങൾ പകർത്തി മറ്റ് അന്തേവാസികളെ വിവരമറിയിക്കുകയായിരുന്നു.

മൂന്ന് മണിക്കൂറോളം ക്യാമറ പ്രവർത്തിച്ചതായും അഞ്ചിലധികം കുട്ടികളുടെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിദ്യാർഥിനികൾ ആരോപിക്കുന്നു. ഇതിൽ ചില ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതായി പരാതി ഉയർന്നതോടെ പെൺകുട്ടികൾ ഹോസ്റ്റലിൽ സംഘടിച്ച് ശക്തമായ പ്രതിഷേധം ഉയർത്തി.

വിദ്യാർഥിനികൾ സാനിറ്ററി പാഡുകൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് കണ്ടെത്താനാണ് ഫോൺ വെച്ചതെന്നും ദുരുദ്ദേശ്യമില്ലെന്നുമാണ് ചോദ്യം ചെയ്യലിൽ വാർഡൻ നൽകിയ ന്യായീകരണം. എന്നാൽ ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി, മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരും കോളേജ് വിദ്യാർഥികളുമായ 26 പെൺകുട്ടികൾ പോലീസിൽ രേഖാമൂലം പരാതി നൽകുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ പോലീസ് ഫോൺ പിടിച്ചെടുക്കുകയും ഇതിലെ ദൃശ്യങ്ങളും ഡാറ്റയും ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. സംഭവത്തിൽ തുടർനടപടികൾ ഉടനുണ്ടാകുമെന്ന് സിറ്റി എസ്.പി നിമിഷ് പാട്ടീൽ അറിയിച്ചെങ്കിലും ഉത്തർപ്രദേശിലുടനീളം വലിയ പ്രതിഷേധമാണ് വിഷയത്തിൽ ഉയരുന്നത്.