ആപ്പിൾ പാർക്കിൽ നടന്ന ആപ്പിളിന്റെ ഈ വർഷത്തെ വമ്പൻ ലോഞ്ച് ഇവന്റായ ‘സർപ്രൈസ് ആൻഡ് ഷൈനില്’ പുതിയ സിഇഒ ജോൺ ടെർനസിന്റെ നേതൃത്വത്തിൽ കമ്പനിയുടെ ആദ്യ മടക്കാവുന്ന ഫോണായ ‘ഐഫോൺ ഡ്യൂവോ’യും മറ്റ് പ്രധാന ഉൽപ്പന്നങ്ങളും ഔദ്യോഗികമായി പുറത്തിറക്കി . പോക്കറ്റിൽ എളുപ്പത്തിൽ കൊണ്ടുനടക്കാവുന്നതും അതേസമയം ഐപാഡിന് സമാനമായ വലിയ സ്ക്രീൻ അനുഭവം നൽകുന്നതുമായ രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മടക്കിവെക്കുമ്പോൾ പാസ്പോർട്ടിന്റെ വലിപ്പമുള്ളതിനാൽ ഒരു കൈകൊണ്ട് ഉപയോഗിക്കാൻ വളരെ സൗകര്യപ്രദമാണ്. മടക്കുനിവർത്തുമ്പോൾ ഇത് ആപ്പിളിന്റെ ഏറ്റവും കനം കുറഞ്ഞ ഐഫോണായി മാറും. കരുത്തിനും ഭംഗിക്കുമായി മിറർ ഫിനിഷോട് കൂടിയ എയറോസ്പേസ് ഗ്രേഡ് ടൈറ്റാനിയം ഫ്രെയിമും, വലിയ ഡിസ്പ്ലേയിലേക്ക് എളുപ്പത്തിൽ അനുയോജ്യമാകുന്ന ലിക്വിഡ് ഗ്ലാസുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെയും ഐപാഡിന്റെയും ഉപയോഗവും സൗകര്യവും ഒരൊറ്റ ഉപകരണത്തിൽ ലഭ്യമാക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
രണ്ട് ഡിസ്പ്ലേകളാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്. മടക്കിവെക്കുമ്പോൾ ഉപയോഗിക്കാവുന്ന 5.4 ഇഞ്ച് ഔട്ടർ ഡിസ്പ്ലേയും, തുറക്കുമ്പോൾ ലഭ്യമാകുന്ന 7.6 ഇഞ്ച് വലുപ്പമുള്ള സൂപ്പർ റെറ്റിന എക്സ്ഡിആർ ഇന്നർ ഡിസ്പ്ലേയും ഇതിലുണ്ട്. ഇത് ഐഫോൺ 18 പ്രോ മാക്സിനേക്കാൾ 50 ശതമാനം വലുതാണ്. റിഫ്ലക്ഷൻ കുറയ്ക്കാനുള്ള പ്രത്യേക നാനോ-ടെക്സ്ചർ ഫിനിഷും, കട്ടികൂടിയ പോളിമർ ലെയറും, ഒഎൽഇഡി പാനലിന് ഇരുവശത്തുമായി കരുത്തുറ്റ ഗ്ലാസും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സ്ക്രീൻ സുഗമമായി തുറക്കാനും അടയ്ക്കാനും സഹായിക്കുന്ന വേരിയബിൾ ടോർക്ക് ഹിഞ്ചും, യുഎസ്ബി-സി, ആപ്പിൾ പെൻസിൽ പിന്തുണയും ഈ ഫോണിനുണ്ട്.
48 മെഗാപിക്സൽ ഫ്യൂഷൻ മെയിൻ ക്യാമറയും 48 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയുമാണ് ഇതിലുള്ളത്. മെയിൻ ക്യാമറയിൽ സീറോ ഷട്ടർ ലാഗ്, 2x ഒപ്റ്റിക്കൽ ക്വാളിറ്റി ടെലിഫോട്ടോ, സെൻസർ ഷിഫ്റ്റ് ഒഐഎസ്, 4K 120fps വീഡിയോ റെക്കോഡിങ് എന്നിവ ലഭ്യമാണ്. ഇന്നർ ഡിസ്പ്ലേയ്ക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന രീതിയിലാണ് പുതിയ ഫേസ്ടൈം ക്യാമറ ക്രമീകരിച്ചിരിക്കുന്നത്; ഇത് ആവശ്യമുള്ളപ്പോൾ മാത്രം തെളിഞ്ഞുവരുന്നു. ഔട്ടർ ഡിസ്പ്ലേയിലൂടെ ക്യാമറയുടെ പ്രിവ്യൂ കണ്ട് പ്രധാന ക്യാമറകൾ ഉപയോഗിച്ച് സെൽഫികൾ എടുക്കാനും, ആളുകൾ പോസ് ചെയ്താലുടൻ സ്വയം ഫോട്ടോകൾ എടുത്തുനൽകുന്ന ‘സ്മാർട്ട് ടേക്ക്’ ഫീച്ചർ ഉപയോഗിക്കാനും സാധിക്കും.
ആപ്പിളിന്റെ ഏറ്റവും പുതിയ എ20 പ്രോ ചിപ്പാണ് ഐഫോൺ ഡ്യുവോയ്ക്ക് കരുത്തുപകരുന്നത്. രണ്ട് ഡിസ്പ്ലേകളെയും ഒരേസമയം സുഗമമായി പ്രവർത്തിപ്പിക്കാൻ പ്രത്യേക ഡിസ്പ്ലേ എൻജിൻ ഇതിൽ നൽകിയിട്ടുണ്ട്. വേപ്പർ ചേമ്പറും പ്രത്യേക തെർമൽ ഡിസൈനും ഉള്ളതിനാൽ ഐഫോൺ 17 പ്രോയെ അപേക്ഷിച്ച് 35 ശതമാനം വരെ ഉയർന്ന പെർഫോമൻസ് ഇത് നൽകുന്നു. ഇതിനോടൊപ്പമുള്ള സി2 സെല്ലുലാർ മോഡം വേഗതയേറിയ 5G കണക്റ്റിവിറ്റിയും 15 ശതമാനം കുറഞ്ഞ ഊർജ ഉപഭോഗവും ഉറപ്പാക്കുന്നു.
ഇന്റേണൽ സ്പേസ് പരമാവധി പ്രയോജനപ്പെടുത്താനായി പൂർണമായും ഇ-സിം മാത്രമായാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ഫോണിന്റെ ഇരുവശത്തുമായി നൽകിയിരിക്കുന്ന രണ്ട് ബാറ്ററികളെ പ്രത്യേക സോഫ്റ്റ്വേർ ഉപയോഗിച്ച് ഒരൊറ്റ ബാറ്ററി സിസ്റ്റമായി പ്രവർത്തിപ്പിക്കുന്നു. ഇന്നർ ഡിസ്പ്ലേയിൽ 31 മണിക്കൂർവരെയും, ഔട്ടർ ഡിസ്പ്ലേയിൽ 44 മണിക്കൂർവരെയും, രണ്ട് സ്ക്രീനുകളും ഒരുപോലെ ഉപയോഗിക്കുമ്പോൾ 24 മണിക്കൂർവരെയും ബാറ്ററി ലൈഫ് ലഭിക്കും. വെറും 20 മിനിറ്റുകൊണ്ട് 50 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുന്ന ഫാസ്റ്റ് ചാർജിങ് പിന്തുണയും ഇതിനുണ്ട്. ഐഫോൺ ഡ്യുവോയുടെ പ്രാരംഭ വില 1,999 യു.എസ് ഡോളർ (ഏകദേശം 1,90,162 രൂപ) ആണ്. 256 GB മുതൽ 2 TB വരെയുള്ള വേരിയന്റുകളിൽ ലഭ്യമാകുന്ന ഫോണിന്റെ പ്രീ-ഓർഡറുകൾ ഒക്ടോബർ 16 നും വിൽപ്പന ഒക്ടോബർ 23 നും ആരംഭിക്കും.




