ചെന്നൈ: പതിനഞ്ചുകാരനായ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയും എഐ വ്യാജ ചിത്രങ്ങൾക്ക് ഇരയായി. ഒരു പെൺകുട്ടിയും വൈഭവ് സൂര്യവംശിയും ഒരുമിച്ചുള്ള വ്യാജ ചിത്രങ്ങളാണ് നിലവിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ‘മിറർ സെൽഫി’ രൂപത്തിലുള്ള ഈ ചിത്രത്തിൽ പെൺകുട്ടിയെ വൈഭവ് ചുംബിക്കുന്നതായുമുണ്ട്.
‘‘വൈഭവ് സൂര്യവംശിക്കൊപ്പമുള്ള ഈ പെൺകുട്ടി ആരാണ്? ആരാധകർ വലിയ ആകാംക്ഷയിലാണ്, ഇന്റർനെറ്റിലെ ഏറ്റവും ചൂടേറിയ ചർച്ചാവിഷയമായി ഇതു മാറിയിരിക്കുന്നു’’ എന്ന കുറിപ്പോടെയാണ് പല പേജുകളും ഈ ചിത്രം പങ്കുവെക്കുന്നത്.
കേവലം 15 വയസ്സു മാത്രം പ്രായമുള്ള ഒരു യുവതാരത്തിന്റെ പേരിൽ ഇത്തരത്തിൽ വ്യാജ ചിത്രങ്ങൾ നിർമിച്ചു പ്രചരിപ്പിക്കുന്നതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. എന്നാൽ ഈ വിഷയത്തിൽ വൈഭവ് സൂര്യവംശി ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
നിലവിൽ ദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായി കളിക്കുകയാണ് വൈഭവ്. സൗത്ത് സോണിനെതിരായ ഫൈനലിന്റെ ആദ്യ ഇന്നിങ്സിൽ 44 റൺസെടുത്ത് പുറത്തായ താരത്തിന് രണ്ടാം ഇന്നിങ്സിൽ 16 പന്തിൽ 8 റൺസ് മാത്രമാണ് നേടാനായത്.
അതേസമയം മത്സരത്തിൽ ഈസ്റ്റ് സോൺ വിജയത്തോടടുക്കുകയാണ്. ആദ്യ ഇന്നിങ്സിൽ 372 റൺസിന്റെ വലിയ ലീഡ് നേടിയ ഈസ്റ്റ് സോണിന് നാലാം ദിനം അവസാനിക്കുമ്പോൾ ആകെ 584 റൺസിന്റെ ആധിപത്യമുണ്ട്. ആദ്യ ഇന്നിങ്സിൽ ഇരട്ടസെഞ്ചറി നേടിയ നായകൻ ഇഷാൻ കിഷൻ രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചറിയുമായും തിളങ്ങി.




